മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ പിഡിപി

കാസർകോട് : മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫിനെ പിന്തുണക്കാന്‍ പിഡിപി തീരുമാനം. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയാണ് എ.കെ.എം അഷ്‌റഫിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

ബിജെപിക്കുള്ള വിജയ സാധ്യത ഒഴിവാക്കാനാണ് യുഡിഎഫിനെ പിന്തുണക്കുന്നതെന്ന് പിഡിപി ജില്ലാ പ്രസിഡന്റ് എസ്.എം ബഷീര്‍ റസ്വി പറഞ്ഞു. സംസ്ഥാനത്ത് മറ്റിടങ്ങളിലെല്ലാം എല്‍ഡിഎഫിനെയാണ് പിഡിപി പിന്തുണയ്ക്കുന്നത്.

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ വലിയ തോതിലുള്ള ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ അടക്കം നടക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ തങ്ങളുടെ സ്ഥാനാര്‍ഥികളെ ബിജെപിയോടൊപ്പം ചേര്‍ന്ന് യുഡിഎഫ് പരാജയപ്പെടുത്തി എന്ന ആക്ഷേപം മഞ്ചേശ്വരത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കുണ്ട്. അതിനാല്‍ യുഡിഎഫുമായോ ലീഗുമായോ ഏതെങ്കിലും നിലക്കുള്ള രാഷ്ട്രീയ സഹകരണം അസാധ്യമാണ് എന്ന വികാരം പ്രാദേശികമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്. മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതില്‍ പ്രധാന ഘടകമായത് ഈ പ്രാദേശിക വികാരമാണ്.

എന്നാല്‍, സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ അത് മണ്ഡലത്തിന് പുറത്തേക്ക് വികസിച്ച് സംസ്ഥാനതലത്തില്‍ തന്നെ രാഷ്ട്രീയ ചര്‍ച്ചയായി. മുസ്ലിം ലീഗ് എന്ന ന്യൂനപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയുടെ തോല്‍വിക്കും ബിജെപി എന്ന ഫാസിസ്റ്റ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയുടെ വിജയത്തിനും എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിത്വം കാരണമായാല്‍ അത് എങ്ങനെ രാഷ്ട്രീയമായി വിശദീകരിക്കും എന്ന ചോദ്യം എസ്ഡിപിഐ നേതൃത്വത്തിന് മുമ്പില്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!