ഗ്യാസ് തീർന്നു; പത്തിരി മുടങ്ങി…. കായംകുളം റോയൽ പത്തിരി യൂണിറ്റിൽ സംഘർഷം

ആലപ്പുഴ : പെരുന്നാൾ വിപണിയിൽ പത്തിരിയെച്ചൊല്ലി കായംകുളത്ത് നാടകീയ രംഗങ്ങൾ. കായംകുളം മുക്കവലയിലുള്ള ‘റോയൽ പത്തിരി’ നിർമ്മാണ യൂണിറ്റിലാണ് ഉപഭോക്താക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. പെരുന്നാളിനോടനുബന്ധിച്ച് മുൻകൂട്ടി ഓർഡർ ചെയ്ത പത്തിരികൾ കൃത്യസമയത്ത് ലഭിക്കാത്തതാണ് വലിയ തോതിലുള്ള ഉന്തും തള്ളും സംഘർഷത്തിലേക്കും നയിച്ചത്.

നിർമ്മാണ യൂണിറ്റിലെ ഗ്യാസ് തീർന്നുപോയതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് ഉടമകൾ നൽകുന്ന വിശദീകരണം. ഇതോടെ നൂറുകണക്കിന് ആളുകൾ ബുക്ക് ചെയ്ത പത്തിരികൾ കൃത്യസമയത്ത് നൽകാൻ യൂണിറ്റിന് സാധിച്ചില്ല. ദൂരസ്ഥലങ്ങളിൽ നിന്നുപോലും പത്തിരി വാങ്ങാനെത്തിയവർ മണിക്കൂറുകളോളം കാത്തുനിന്നിട്ടും നിരാശരായതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു.

തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് കായംകുളം പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!