വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകിയില്ല;  പഞ്ചായത്ത്
സെക്രട്ടറിക്ക് 10,000 രൂപ പിഴ

പത്തനംതിട്ട : വിവരാവകാശ അപേക്ഷയിൽ കൃത്യസമയത്ത് മറുപടി നൽകാതിരുന്ന പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തി സംസ്ഥാന വിവരാവകാശ കമ്മീഷൻ. തിടനാട് പഞ്ചായത്ത് സെക്രട്ടറി പി.പി. മണിയപ്പനാണ് 10,000 രൂപ പിഴയൊടുക്കാൻ മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരി നായർ ഉത്തരവിട്ടത്. മണിയപ്പൻ എരുമേലി പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ നൽകിയ അപേക്ഷയിലാണ് നടപടി.

എരുമേലി സ്വദേശി പി.എച്ച്. റഷീദ് തന്റെ കെട്ടിടവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഏപ്രിൽ 22-നാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. നിശ്ചിത സമയപരിധിക്കുള്ളിൽ മറുപടി ലഭിക്കാതെ വന്നതോടെ റഷീദ് വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. സ്ഥലംമാറ്റം ലഭിച്ചു പോയതിനാലാണ് മറുപടി നൽകാൻ കഴിയാതിരുന്നത് എന്ന മണിയപ്പന്റെ വിശദീകരണം കമ്മീഷൻ തള്ളി. സ്ഥലംമാറ്റത്തിന് മുൻപും മറുപടി നൽകാൻ ആവശ്യത്തിന് സമയമുണ്ടായിരുന്നുവെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

ഹിയറിംഗിൽ എരുമേലി അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് റാഫി, പി.പി. മണിയപ്പൻ എന്നിവർ ഹാജരായിരുന്നു. നിലവിലെ എരുമേലി സെക്രട്ടറി ബി. മഞ്ജുവിന്റെ വിശദീകരണം കമ്മീഷൻ സ്വീകരിച്ചു. അപേക്ഷകന് ഉടൻ മറുപടി നൽകാനും 30 ദിവസത്തിനുള്ളിൽ പിഴത്തുക അടയ്ക്കാനും മണിയപ്പന് നിർദ്ദേശം നൽകി. നിശ്ചിത സമയത്തിനുള്ളിൽ പിഴയൊടുക്കിയില്ലെങ്കിൽ മണിയപ്പന്റെ സമ്പാദ്യത്തിൽ നിന്നോ സ്ഥാവര ജംഗമ വസ്തുക്കളിൽ നിന്നോ ജപ്തി വഴി തുക ഈടാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!