ജിം സന്തോഷിനെ കൊന്നത് 2025 മാർച്ചിൽ, അതുലിന്റെ കൊലപാതകത്തിന് പിന്നിൽ…

കൊല്ലം : കരുനാഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

കൊലക്ക് പിന്നിൽ മുൻവൈരാഗ്യമെന്നാണ് സൂചന. പിന്നിൽ കരുനാഗപ്പള്ളിയിലെ ഗുണ്ടാസംഘമായ കടത്തൂർ സംഘമെന്നാണ് സംശയം. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലാണ് കൊല്ലപ്പെട്ടത്. ജിം സന്തോഷിനെ കൊലപ്പെടുത്തി മ‍ടങ്ങും വഴി അലുവ അതുലും സംഘവും ആക്രമിച്ചവരാണ് കൊലക്ക് പിന്നിലെന്ന സാധ്യതയാണ് പുറത്തുവരുന്നത്

കരുനാഗപ്പള്ളി പുതിയകാവിൽ വെച്ചാണ് പട്ടാപ്പകൽ കൊലപാതകം നടന്നത്. ജിം സന്തോഷ് വധക്കേസിൽ ജാമ്യവ്യവസ്ഥകളുടെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ജിം സന്തോഷ് വധക്കേസിലെ മറ്റൊരു പ്രതിയായ കുക്കു എന്ന വിളിക്കുന്ന മനുവും വാഹനത്തിലുണ്ടായിരുന്നു. മനുവാണ് വാഹനമോടിച്ചത്. 4 പ്രതികളാണ് സംഘത്തിലുണ്ടായിരുന്നത്. വാഹനത്തിൽ നിന്നും പുറത്തേക്ക് വലിച്ചിട്ട് അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. തലക്കാണ് കൂടുതൽ വെട്ടിയത്. തലയോട്ടി പിളർന്നതിനെ തുടർന്നാണ് മരണം. കൈക്ക് വെട്ടേറ്റ മനു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ വർഷം മാർച്ച് 27നാണ് കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് കൊല്ലപ്പെടുന്നത്. സന്തോഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ അലുവ അതുലിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം, സ്ഫോടക വസ്തു എറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുന്ന സമയം തൊട്ടടുത്ത മുറിയിൽ സന്തോഷിന്റെ അമ്മയുമുണ്ടായിരുന്നു. അന്ന് സന്തോഷിനെ കൊലപ്പെടുത്തിയ മടങ്ങിയ സംഘം ഓച്ചിറയിൽ വെച്ച് മറ്റൊരു സംഘത്തെ ആക്രമിച്ചിരുന്നു. ഈ സംഘമാണ് ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന സംശയവും പൊലീസ് പങ്കുവെക്കുന്നുണ്ട്. കരുനാഗപ്പള്ളി കേന്ദ്രീകരിച്ചുള്ള കടത്തൂർ സംഘമാണോ പിന്നിലെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!