ഗ്രേറ്റര്‍ കൈലാഷ് : ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം. തോക്കുമായി അക്രമി ഫറൂഖ് അബ്ദുള്ളയുടെ തൊട്ടരുകിലെത്തി. ജമ്മുവിലെ ഗ്രേറ്റര്‍ കൈലാഷില്‍ വച്ചാണ് ആക്രമണ ശ്രമം ഉണ്ടായത്. ജമ്മുവിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ഫറൂഖ് അബ്ദുല്ല വാഹനത്തിനടുത്തേക്ക് നടക്കുന്നതിനിടെ ആയിരുന്നു അക്രമി അദ്ദേഹത്തിന് തൊട്ടടുത്ത് എത്തിയത്.
ഫറൂഖ് അബ്ദുള്ളയ്ക്ക് പിന്നിലെത്തി തോക്ക് ചൂണ്ടിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് കീഴ്‌പ്പെടുത്തുകയായികുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ബി.എസ്.ചൗഹാന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അദ്ദേഹം. ആക്രമണ ശ്രമം അരങ്ങേറിയപ്പോള്‍ ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരിയും ഫറൂഖ് അബ്ദുള്ളയോടൊപ്പം ഉണ്ടായിരുന്നു. ആക്രമണത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
ആക്രമണം നടത്തിയ പ്രതി കമാല്‍ സിങ് ജംവാളിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇയാളെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണ ശ്രമത്തില്‍ ഫറൂഖ് അബ്ദുള്ളയുടെ മകനും കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള ആശങ്ക പ്രകടിപ്പിപ്പിച്ചു. ”ദൈവം കരുണയുള്ളവനാണ്. വലിയ അപകടത്തില്‍ നിന്നാണ് പിതാവ് രക്ഷപ്പെട്ടത്,” എന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
