രാഷ്ട്രപതി ഭരണം അവസാനിച്ചതിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷം; പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂരിലാണ് പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കുക്കി വിഭാഗത്തിൽ നിന്നുള്ള എംഎൽഎമാർ ബിജെപി സർക്കാരിന്റെ ഭാഗമായതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്.

സുരക്ഷാ സേന ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷം കൂടുതൽ വഷളായത്. പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും ചെയ്തു. പൊലീസിന് നേരെ കല്ലേറുണ്ടായതോടെ പ്രദേശത്ത് സ്ഥിതിഗതികൾ സംഘർഷാവസ്ഥയിലേക്ക് നീങ്ങി. മണിപ്പൂർ മുഖ്യമന്ത്രി യുംനാം ഖേംചന്ദിനെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. ജനക്കൂട്ടം കല്ലെറിഞ്ഞതിനെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഭവത്തിൽ രണ്ട് പേർക്ക് നിസാര പരുക്കേറ്റതായി പൊലീസ് അറിയിച്ചു.

ഇന്നലെയാണ് രാഷ്ട്രപതി ഭരണത്തിന് വിരാമമിട്ടുകൊണ്ട് മണിപ്പൂരിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിങ്ങിന്റെ രാജിയെ തുടർന്ന് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഫലം കാണാത്തതിനാലാണ് കഴിഞ്ഞ വർഷം ഫെബ്രുവരി 13ന് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത്. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവ് നെംചാ കിപ്ജെനും നാഗ വിഭാഗത്തിൽ നിന്നുള്ള ലോസി ദിഖോയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഡൽഹിയിൽ നിന്ന് ഓൺലൈനായാണ് നെംചാ കിപ്ജെൻ സത്യപ്രതിജ്ഞ ചെയ്തത്.

ബിജെപിയിലും നാഗ പീപ്പിൾസ് പാർട്ടിയിലുമുള്ള എംഎൽഎമാരാണ് മന്ത്രിസഭയിൽ ഉൾപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് നിയമ-ക്രമ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!