മുംബൈ : നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിനെതിരെ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസ് ഒത്തുതീര്‍ന്നു. മധ്യസ്ഥ ചര്‍ച്ചയിലൂടെ കേസ് പരിഹരിച്ചതായി കങ്കണ നവമാധ്യമത്തിലൂടെ അറിയിച്ചു. ജാവേദ് അക്തറിനുണ്ടായ ബുദ്ധിമുട്ടിന് നടി ക്ഷമാപണം നടത്തുകയും ചെയ്തു.
നാലുവര്‍ഷം നീണ്ട കേസാണ് ചര്‍ച്ചയിലൂടെ പരിഹരിക്കുന്നത് ഇവിടെ ഒരു പ്രത്യേക കോടതിയില്‍ ഹാജരായ ഇരുവരും പരസ്പരം നല്‍കിയ പരാതികള്‍ പിന്‍വലിക്കാനുള്ള തീരുമാനം അറിയിച്ചു. കോടതിയില്‍ ഹാജരായ ശേഷമാണ്, കേസ് ഒത്തുതീര്‍പ്പാക്കിയ കാര്യം കങ്കണ അറിയിച്ചത്. ജാവേദ് അക്തറിനൊപ്പം നില്‍ക്കുന്ന ചിത്രവും കങ്കണ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തു.
തെറ്റിദ്ധാരണ മൂലമാണ് അക്തറിനെതിരെ പ്രസ്താവന നടത്തിയത്. അതിന്റെ പേരില്‍ ജാവേദ് അക്തറിനുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നു. താന്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയ്ക്ക് പാട്ടെഴുതാന്‍ ജാവേദ് അക്തര്‍ സമ്മതിച്ചതായും കങ്കണ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ തന്റെ പേര് വലിച്ചിഴച്ച് അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് 2020 ല്‍ ജാവേദ് അക്തര്‍ കങ്കണ റണൗട്ടിനെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. ഇതിന് പിന്നാലെ അപമാനിച്ചു എന്നാരോപിച്ച് ജാവേദ് അക്തര്‍ക്കെതിരെ കങ്കണയും കേസ് നല്‍കിയിരുന്നു.