തിരുവനന്തപുരം: തമ്പാനൂരിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് പ്രതിഷേധമുണ്ടായത്.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിപ്പോയ്ക്കുള്ളിൽ പ്രതിഷേധവുമായി എത്തിയത്. സമരത്തിന്റെ ഭാഗമായി കെഎസ്ആർടിസി ബസ്സുകളിൽ മന്ത്രിക്കെതിരായ പോസ്റ്ററുകൾ പ്രവർത്തകർ പതിപ്പിച്ചു. ‘തുടരണോ ഈ കോഴിമന്ത്രി’ എന്നെഴുതിയ പോസ്റ്ററാണ് പ്രവർത്തകർ ബസ്സിലും പരിസരത്തും പതിപ്പിച്ചത്.
പോസ്റ്ററുകൾ നീക്കംചെയ്യാനെത്തിയ പോലീസും പ്രതിഷേധക്കാരും തമ്മിൽ തമ്പാനൂർ ഡിപ്പോയിൽവെച്ച് സംഘർഷമുണ്ടായി. പ്രതിഷേധത്തിനിടെ പോലീസുകാരനെ മർദിച്ചു എന്നാരോപിച്ച് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സ്ഥിതിഗതി രൂക്ഷമാവുകയായിരുന്നു. പോലീസ് പോസ്റ്ററുകൾ കീറാൻ ശ്രമിച്ചത് പ്രവർത്തകർ തടഞ്ഞതോടെ പോലീസുമായി ഉന്തും തള്ളും ഉണ്ടായി.
‘തുടരണോ കോഴിമന്ത്രി’; തമ്പാനൂരിൽ ഗണേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം, പോലീസുമായി സംഘർഷം
