മലപ്പുറം : കോട്ടയ്ക്കല്‍ നഗരസഭയിലെ ഇന്ത്യനൂരില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ചത്ത കോഴികളെ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ചിക്കൻ സ്റ്റാൾ നഗരസഭ ആരോഗ്യവിഭാഗം പൂട്ടിപ്പിച്ചു. പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാകുന്ന രീതിയിലുള്ള ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്.
ഇവിടെ പ്രവർത്തിച്ചിരുന്ന ഒരു ചിക്കൻ സ്റ്റാളിൽ ചത്ത കോഴികളെ സൂക്ഷിച്ച് വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോട്ടയ്ക്കൽ മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അപ്രതീക്ഷിത റെയ്ഡ് നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
പരിശോധനയിൽ ഏകദേശം 25 പെട്ടികളിലായി സൂക്ഷിച്ചിരുന്ന നിരവധി കോഴികളെ ചത്ത നിലയിൽ കണ്ടെത്തി. ഇവയിൽ പലതും പുഴുവീണതും കടുത്ത ദുര്‍ഗന്ധം വമിക്കുന്നതുമായ അവസ്ഥയിലായിരുന്നു. ഇത്തരം കോഴികൾ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നുവെന്ന കണ്ടെത്തൽ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു.
പൊതുജനാരോഗ്യത്തിന് വലിയ അപകടം സൃഷ്ടിക്കാനിടയുള്ളതിനാൽ സ്ഥാപനത്തിനെതിരെ ഉടൻ നടപടിയെടുക്കുകയായിരുന്നു. സ്റ്റാൾ അടിയന്തരമായി അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയതായും ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവിഭാഗം വ്യക്തമാക്കി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാ തിരിക്കാൻ നഗരസഭ വരും ദിവസങ്ങളിലും ഹോട്ടലുകൾ, ഇറച്ചിവിൽപ്പന കേന്ദ്രങ്ങൾ, ചിക്കൻ സ്റ്റാളുകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ചത്ത കോഴികളെ വില്പനയ്ക്ക് വച്ചു, കോട്ടയ്ക്കലിൽ ചിക്കൻ സ്റ്റാൾ പൂട്ടിച്ചു…
