മതവികാരം വ്രണപ്പെടുത്തി; മനാഫിനെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്

ബംഗളൂരു: ലോറി ഉടമ മനാഫിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 299-ാം വകുപ്പ് ചുമത്തി. ഉഡുപ്പി ടൗണ്‍ പൊലീസാണ് എഫ്‌ഐആര്‍ ഇട്ടത്. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റമാണ് ചുമത്തിയത്. മൂന്ന് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് ചുമത്തിയത്. ധര്‍മസ്ഥല, മൂകാംബിക തുടങ്ങി ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരെ പ്രചാരണം നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

ധര്‍മസ്ഥലയിലെ കൂട്ടക്കൊല ആരോപണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ മനാഫ് പങ്കുവെച്ചിരുന്നു. കേരളത്തിലെ ആളുകളെ വിഷയം അറിയിച്ചു. ഇതാണ് താന്‍ ചെയ്ത തെറ്റ് എന്നായിരുന്നു മനാഫ് പറഞ്ഞത്. ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് കമ്മീഷണറെ കണ്ടെന്നും മനാഫ് പറഞ്ഞിരുന്നു.

ധര്‍മസ്ഥലയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്ന മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിവാദങ്ങള്‍ ഉടലെടുത്തത്. കുഴിച്ചിട്ട മൃതദേഹത്തിന്റെ അസ്ഥിയടക്കം പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയായിരുന്നു ശുചീകരണ തൊഴിലാളിയായ സിഎന്‍ ചിന്നയ്യ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ് ധര്‍മസ്ഥലയില്‍ നിരവധി പേരെ കാണാതായതായി പരാതികളും ആരോപണങ്ങളുമെല്ലാം ഉയര്‍ന്നിരുന്നു. പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!