ഹൈക്കോടതി വിധി സ്വാഗതാർഹം; സെക്യൂരിറ്റി വെൽഫെയർ  അസ്സോസിയേഷൻ

കോട്ടയം : സ്വകാര്യ സ്ഥാപനങ്ങളിലെ സുരക്ഷാജോലിയിലുള്ള ആരോഗ്യവാനായ ഒരു വ്യക്തിയെ 60 വയസ്സ് പൂർത്തിയായെ ന്ന കാരണത്താൽ മാത്രം ജോലിയിൽ നിന്നും പിരിച്ചുവിടാൻ നിയമം അനുവദിക്കുന്നില്ലെന്നുള്ള കേരള ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് സെക്യൂരിറ്റി വെൽഫെയർ  അസ്സോസിയേഷൻ സെക്രട്ടറി അഡ്വ.  രാജേഷ് നെടുമ്പ്രം പറഞ്ഞു.

60 വയസ്സ് പൂർത്തിയായി എന്ന കാരണത്താൽ പിരിച്ചുവിടപ്പെട്ട എൻ കെ മുരളീധരൻ നായർ എന്ന വിമുക്തഭടന്റെ കേസ് പരിഗണിച്ച്  ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഒട്ടനവധി സെക്യൂരിറ്റി ഗാർഡുകൾക്ക് ആശ്വാസകരമാണ്.

2005ലെ  കേന്ദ്രസർക്കാരിന്റെ  “പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസീസ് റെഗുലേഷൻസ് ആക്ട്” (PSARA) പ്രകാരവും, അനുബന്ധമായുള്ള 2022ലെ കേന്ദ്ര ചട്ടങ്ങൾ പ്രകാരവും സെക്യൂരിറ്റി ഗാർഡുകൾക്ക് നിഷ്കർഷിക്കപ്പെട്ടിട്ടുള്ള പ്രായപരിധി 18 വയസ്സു മുതൽ 65 വയസ്സു വരെയാണ്. എന്നാൽ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള  ചുരുക്കം ചില സ്ഥാപനങ്ങളും,  സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ചില സ്വകാര്യ സ്ഥാപനങ്ങളും കേന്ദ്രസർക്കാർ നിയമം നടപ്പിലാക്കാതെ സ്വന്തം ഇഷ്ടപ്രകാരമുള്ള പ്രായപരിധിയാണ് നിശ്ചയിക്കുന്നത്.

ഇത്  തികച്ചും നിയമ വിരുദ്ധമായതിനാൽ രാജ്യത്ത് നിലവിലുള്ള നിയമമനുസരിച്ചുള്ള പ്രായപരിധി നടപ്പിലാക്കാൻ സംസ്ഥാനത്തെ എല്ലാ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ,  സ്വകാര്യസ്ഥാപനങ്ങൾ എന്നിവയുടെ അധികൃതർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സെക്യൂരിറ്റി ഗാർഡുകൾക്ക് കുടിവെള്ളം,  ഇരിപ്പിടം എന്നിവ ലഭ്യമാക്കണമെന്നുള്ള അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ പോലും  ഇതുവരെയും നടപ്പിലായിട്ടില്ല.

അതുപോലെ തന്നെ വനിത സെക്യൂരിറ്റി ഗാർഡുകൾക്ക് പോലും യൂണിഫോം മാറ്റാനുള്ള സൗകര്യം ഒരുക്കുവാനും ചില സ്വകാര്യ സ്ഥാപന ഉടമകൾ ഇതുവരെയും തയ്യാറായിട്ടില്ല. ഇതിനെല്ലാം പുറമേ   എട്ടു മണിക്കൂർ ഡ്യൂട്ടി സമയം നിജപ്പെടുത്തി  അടിസ്ഥാന വേതനം നിർണയിക്കുക, അതിനു പുറമെയുള്ള  ഓവർടൈം  ഡ്യൂട്ടിക്ക് പ്രത്യേക അലവൻസ് നൽകുക, ആഴ്ചയിൽ ഒരു ദിവസം ശമ്പളത്തോട് കൂടിയുള്ള ഡ്യൂട്ടി ഓഫ്‌ നൽകുക, സൗജന്യമായി ഡ്യൂട്ടി  യൂണിഫോം ലഭ്യമാക്കുക,  അനധികൃതമായ പിരിച്ചുവിടൽ ഒഴിവാക്കുക, അന്യയമായ സാലറി കട്ടിംഗ് ഒഴിവാക്കുക തുടങ്ങിയ  അടിസ്ഥാന വിഷയങ്ങളിൽ പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാറിൻ്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!