അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യയ്ക്ക് 17 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് നെതര്‍ലന്‍ഡ്‌സിന് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. 23 പന്തില്‍ 33 റണ്‍സ് നേടിയ ബാസ് ഡേ ലീഡെയാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിങ്ങില്‍ ഭേദപ്പെട്ട തുടക്കമാണ് നെതര്‍ലന്‍ഡ്‌സ് കാഴചവെച്ചതെങ്കിലും മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീണതാണ് തിരിച്ചടിയായത്. ഒരു ഘട്ടത്തില്‍ 125 ന് 6 എന്ന നിലയിലേക്ക് വീണ നെതര്‍ലന്‍ഡ്‌സിന് സ്‌കോറിങ് വേഗം കുറഞ്ഞതോടെ വിജയപ്രതീക്ഷകള്‍ അവസാനിക്കുകയായിയുരുന്നു. ഒടുവില്‍ 12 പന്തില്‍ 50 റണ്‍സാണ് ജയിക്കാന്‍ ആവശ്യമായിരുന്നത്. മൂന്ന് വിക്കറ്റ് നേടി വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യയ്ക്ക് ബൗളിങ്ങില്‍ നിര്‍ണായകമായത്.
നേരത്തൈ 6 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 193 സ്‌കോര്‍ ചെയ്തത്.31 പന്തുകളില്‍ നിന്ന് 66 റണ്‍സ് നേടിയ ദുബെയുടെ ഇന്നിങ്‌സിന്റെ ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക്് എത്തിയത്. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. ആദ്യ ഓവറില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ പൂജ്യനായി മടങ്ങി. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് അഭിഷേക് ഡക്കാകുന്നത്. പിന്നാലെ ഫോമിലുള്ള ഇഷാന്‍ കിഷന് മികച്ച തുടക്കം ലഭിച്ചെങ്കിലും 18 റണ്‍സില്‍ താരവും മടങ്ങി. 27 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത് നിലയുറപ്പിക്കാന്‍ ശ്രമിച്ച തിലക് വര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് മൂന്നാമത് നഷ്ടമായത്.
9 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 69 എന്ന നിലയിലായ ഇന്ത്യ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ മികച്ച ഇന്നിങ്സിന്റെ കരുത്തിലാണ് (28 പന്തില്‍ 34) തകര്‍ച്ചയില്‍ നിന്ന് കരകയറിയത്. സൂര്യ പുറത്തായതിന് ശേഷം ആക്രമണം ഏറ്റെടുത്ത ദുബെ ഇന്ത്യന്‍ ഇന്നിങ്സിന്റെ വേഗം കൂട്ടി 31 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത് താരം മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു. അവസാന ഔവറുകളില്‍ ദുബെയ്ക്കൊപ്പം ഹര്‍ദിക് പാണ്ഡ്യ 21 പന്തില്‍ നിന്ന് 31 റണ്‍സ് നേടി തകര്‍ത്തടിച്ചു.
