നെടുങ്കണ്ടത്ത് പക്ഷികള്‍ കൂട്ടത്തോടെ ചത്തുവീണു, ആശങ്കയോടെ നാട്ടുകാര്‍

തൊടുപുഴ: നെടുങ്കണ്ടം പാറത്തോട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തുവീണു. കുമളി -മൂന്നാര്‍ സംസ്ഥാന പാതയോരത്ത് പാറത്തോട് ടൗണിന് സമീപമാണ് നിരവധി പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തിയത്.

പത്തിലധികം പക്ഷികളാണ് ഏതാനും മീറ്ററുകള്‍ക്കുള്ളില്‍ ചത്തു കിടക്കുന്നത്. ഇവയിലധികവും കാക്കകളാണ്. മൈനയും കൂട്ടത്തിലുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മേഖലയില്‍ പക്ഷികള്‍ ചത്തു വീഴുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. രാസപഥാര്‍ത്ഥങ്ങള്‍ കലര്‍ന്ന ഭക്ഷണാവശിഷ്ടങ്ങളോ വൈദ്യുതാഘാതമോ ആവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. ട്രാന്‍സ്‌ഫോമറിന്റെ അടുത്താണ് പക്ഷികളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടത്. അതുകൊണ്ടാണ് വൈദ്യുതാഘാതമാകാം പക്ഷികള്‍ ചത്തുവീണതിന് കാരണമെന്ന സംശയത്തിന് ഇടയാക്കിയത്.

നിലവില്‍ ചത്തു കിടക്കുന്ന പക്ഷികളുടെ അവശിഷ്ടങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ട്. ഇവയില്‍ നിന്ന് വിദഗ്ധ പരിശോധന സാധ്യമല്ല. വീണ്ടും സമാന സാഹചര്യം ഉണ്ടായാല്‍ വിദഗ്ധ പരിശോധന നടത്തുമെന്നും പ്രദേശത്ത് നിരീക്ഷണം നടത്തുമെന്നും വനം വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!