തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം, സര്‍ക്കാര്‍ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമെന്ന് മന്ത്രി വിഎന്‍ വാസവന്‍. നാല് കോടി രൂപ സ്‌പോണ്‍സര്‍ഷിപ്പ് വഴി കിട്ടിയെന്ന് അറിയാം. ആഗോള അയ്യപ്പസംഗമത്തിന്റെ ഒരു പൈസയും വരവ് വെക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. അത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് കൈകാര്യം ചെയ്യുന്നത്. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടന്ന അയ്യപ്പസംഗമത്തിന്റെ സ്‌പോണ്‍സര്‍മാ രെയും കണ്ടെത്തിയത് ദേവസ്വം ബോര്‍ഡാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം കിട്ടി പുറത്തിറങ്ങി എന്നതുകൊണ്ട് കേസില്ലാതാകില്ലെന്ന് വിഎന്‍ വാസവന്‍ പറഞ്ഞു. എസ്‌ഐടിയുടെ അന്വേഷണത്തില്‍ ഹൈക്കോടതി സംതൃപ്തി രേഖപ്പെടുത്തിയതാണ്. കൂടുതല്‍ കാര്യങ്ങളിലേക്ക് ഇപ്പോള്‍ അന്വേഷണം വരികയാണ്. ശബരിമലയിലെ കോണ്‍ക്രീറ്റ് കൊടിമരം ചിതലരിച്ചു എന്നൊക്കെ കണ്ടെത്താന്‍ യുഡിഎഫിന്റെ ഭരണസമിതിക്കേ കഴിഞ്ഞുള്ളൂ. അതില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. സമഗ്രമായ അന്വേഷണം വരുമ്പോള്‍ പോറ്റിയെ കയറ്റിയത് ആരാണെന്ന് യുഡിഎഫിന് മാറ്റിപ്പാടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
ആഗോള അയ്യപ്പസംഗമത്തെ പൊളിക്കാന്‍ സ്വര്‍ണമോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് സ്വര്‍ണപാളി കാണാനില്ലെന്ന് ആദ്യം പരാതിപ്പെട്ടത്. രണ്ട് ദിവസം കഴിഞ്ഞ് ഈ വിഷയത്തില്‍ നിയമസഭയില്‍ യുഡിഎഫ് അടിയന്തരപ്രമേയം കൊണ്ടുവന്നു. ഇത് പരസ്പരബന്ധിതമാണ്. അയ്യപ്പസംഗമം പൊളിക്കാനാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉപയോഗിച്ച് യുഡിഎഫ് ശ്രമിച്ചത്. എന്നാല്‍ ചക്കിന് വെച്ചത് കൊക്കിന് കൊണ്ട അവസ്ഥയിലാണ് യുഡിഎഫ്. പോറ്റിയുടെ വീട്ടില്‍നിന്നാണ് കാണാതായെന്ന് പറഞ്ഞ സ്വര്‍ണം കണ്ടെത്തിയത്. അങ്ങനെ, കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് മനസിലായി. ഹൈക്കോടതി നിര്‍ദേശത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും അന്വേഷണം ഫലപ്രദമായി നടക്കുകയുമാണ്. പണ്ട് കാലഘട്ടത്തില്‍ ചെയ്തതെല്ലാം ഒന്നൊന്നായി വെളിയില്‍ വരികയാണ്. എല്ലാ കുറ്റവാളികളെയും പിടികൂടണമെന്നാണ് നിലപാട് എന്നും വിഎന്‍ വാസവന്‍ പറഞ്ഞു.
