കൊച്ചി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സി.ജെ. റോയിയുടെ മരണത്തിന് പിന്നാലെ കമ്പനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി.എ. ജോസഫ്. ചെയര്‍മാന്റെ മരണവും ആദായനികുതി വകുപ്പിന്റെ പരിശോധനയും ചേര്‍ത്തുവച്ച് ചില കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സി.ജെ. റോയിയുടെ ഓഫീസുകളില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ പരിശോധന പതിവ് നടപടി മാത്രമാണെന്നും, ഇത് യാതൊരു കുറ്റകൃത്യങ്ങളുമായും ബന്ധപ്പെട്ടതല്ലെന്നും ടി.എ. ജോസഫ് അറിയിച്ചു. സി.ജെ. റോയിയുടെ നിര്യാണത്തിന് പിന്നാലെ ഗ്രൂപ്പിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെയും വ്യക്തിപരമായ അധിക്ഷേപങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞു.
ആദായ നികുതി വകുപ്പ് വര്‍ഷങ്ങളുടെ ഇടവേളകളില്‍ ഇത്തരം പരിശോധനകള്‍ നടത്താറുണ്ട്. 2016-ല്‍ ഗ്രൂപ്പിന്റെ ഓഫീസില്‍ പരിശോധന നടന്നിരുന്നു. തുടര്‍ന്ന് 2026-ലും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെയും മറ്റു സ്ഥാപനങ്ങളുടെയും ഓഫീസുകളില്‍ പതിവ് പരിശോധന നടന്നത് ഇതിന്റെ ഭാഗമാണെന്നും ജോസഫ് വിശദീകരിച്ചു. അധികൃതരുമായി ഗ്രൂപ്പ് പൂര്‍ണ്ണമായി സഹകരിച്ചുവെന്നും മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മാന്യമായ സമീപനമാണ് ഉണ്ടായതെന്നും കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയതുകൊണ്ടല്ല ഈ പരിശോധന നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില യൂട്യൂബര്‍മാരും സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളും കമ്പനിയെയും പരേതനായ സി.ജെ. റോയിയെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനെതിരെ ജോസഫ് ശക്തമായി പ്രതികരിച്ചു. ‘മരിച്ച ഒരാളെ ഇത്തരത്തില്‍ വേട്ടയാടുന്നത് നീതീകരിക്കാനാവില്ല. നിക്ഷേപകരെ ഗ്രൂപ്പ് കബളിപ്പിച്ചിട്ടില്ല. കള്ളപ്രചാരണങ്ങള്‍ തിരിച്ചറിയാന്‍ മലയാളികള്‍ക്ക് സാധിക്കും.’ – ടി.എ. ജോസഫ് പറഞ്ഞു.
