കോഴിക്കോട് : മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോഗലക്ഷണം. രോഗിയെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സാംപിളുകൾ വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സാംപിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
മലപ്പുറം സ്വദേശിയായ അറുപത്തെട്ടുകാരനാണ് ചികിത്സയിലുള്ളത്. എന്നാൽ ഇയാൾക്ക് കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽപ്പെടുന്ന ആളല്ല. സമാന രോഗലക്ഷണം കണ്ടതോടെയാണ് വിദഗ്ധ ചികിത്സയ്ക്കായി രോഗിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെയും അടുത്ത ബന്ധുവിന്റെയും സാംപിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
പൂനെ വൈറോളജി ലാബിലേക്ക് അയച്ചതിന്റെ ഫലം രാത്രിയോടെ ലഭിച്ചേക്കുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുള്ളത്. കുട്ടിയുടെ മാതാപിതാക്കൾക്ക് നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ല. നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ പതിനാലുകാരനാണ് മരിച്ചത്. കേരളത്തിൽ നിപ ബാധിച്ചുള്ള 21-ാമത്തെ മരണമാണിത്. അഞ്ചു തവണയാണ് കേരളത്തിൽ നിപ രോഗബാധയുണ്ടാകുന്നത്.