തന്ത്രപ്രധാന മണ്ഡലങ്ങളില്‍ നാലാമതും സര്‍വെ; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി  നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിന് ഒന്നിലധികം സര്‍വേകളുമായി കോണ്‍ഗ്രസ്. പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇതിനകം മൂന്ന് റൗണ്ട് സര്‍വേകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. അവസാന റൗണ്ട് സര്‍വേ ആണ് ഇപ്പോള്‍ നടക്കുന്നത്. ഈ സര്‍വേ ഫലം സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ. പൊതുജനങ്ങളുടെ പള്‍സ് അറിയുന്നതിനായി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗൊലു മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആദ്യ റൗണ്ട് സര്‍വേ നടത്തി. രണ്ടാമതും മൂന്നാമതും കനുഗൊലു തന്നെ ഏര്‍പ്പാടാക്കിയ ഏജന്‍സികളാണ് സര്‍വേ നടത്തിയത്.

തെരഞ്ഞെടുപ്പ് സാധ്യതകള്‍ ശക്തിപ്പെടുത്തുന്നതിനും സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുള്ളിലെ കലഹം ഇല്ലാതാക്കുന്നതിനുമാണ് നേതൃത്വം ഇത്തവണ ഡാറ്റ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളെ ആശ്രയിക്കുന്നതെന്നാണ് സൂചന. വിജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ നോക്കി തെരഞ്ഞെടുക്കുന്നതിനും പൊതുജനാഭിപ്രായം കണക്കാക്കുന്നതിനുമായി ഈ ഏജന്‍സികളില്‍ നിന്ന് വിശദമായ ഫീഡ്ബാക്ക് എടുക്കുന്നുണ്ട്.

ഒന്നിലധികം സര്‍വേകള്‍ പരിശോധിക്കുന്നതിലൂടെ പൊതുജന സ്വീകാര്യതയുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ സഹായകരമാകുമെ ന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശ്വാസം. മധുസൂദനന്‍ മിസ്ത്രി നയിക്കുന്ന സ്‌ക്രീനിങ് കമ്മിറ്റി ജനുവരിയില്‍ തലസ്ഥാനത്ത് എത്തിയപ്പോള്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിക്കൊപ്പം, പൂര്‍ത്തിയായ മൂന്ന് സര്‍വേകളിലും മുന്നിലെത്തിയ നേതാക്കളുമായി അഭിമുഖം നടത്തി.

പൊതുജനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും പ്രമുഖ നേതാക്കന്‍മാരില്‍ നിന്നും ഓരോ മണ്ഡലത്തിലേയും സാധ്യതകളെക്കു റിച്ചുള്ള വിവരങ്ങളും സര്‍വേയിലൂടെ ശേഖരിച്ചു.

നിര്‍ണായകമായ നാലാമത്തെ സര്‍വേ നേമം പോലുള്ള തെരഞ്ഞെടുത്ത മണ്ഡലങ്ങളിലാണ് നടത്തുന്നത്. ബിജെപിയുടെ ശക്തമായ സാന്നിധ്യം, സമുദായ സമവാക്യങ്ങള്‍, സ്ഥാനാര്‍ഥി പ്രഭാവം എന്നിവ പ്രധാനമാണ്. നേരത്തെ, ഓരോ മണ്ഡലത്തിനും ഏത് സ്ഥാനാര്‍ഥിയാണ് അനുയോജ്യമെന്ന് അറിയാമായിരുന്ന കെ കരുണാകരന്‍, എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കള്‍ ഉണ്ടായിരുന്നു. ഓരോ മണ്ഡലത്തെപ്പറ്റിയും അവര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു’. രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീകുമാര്‍ മനായി പറഞ്ഞു.

സര്‍വേ ഏജന്‍സികളെ മാത്രം ആശ്രയിക്കുന്ന നേതൃത്വത്തിനെതിരെ കേരളത്തില്‍ അഭിപ്രായ വ്യത്യാസവുമുണ്ട്. ‘ഗുജറാത്തിലും മഹാരാഷ്ട്രയിലും സുനില്‍ കനുഗൊലുവാണ് തെരഞ്ഞെടുപ്പ് സര്‍വേകള്‍ക്ക് നേതൃത്വം നല്‍കിയത്. എന്നാല്‍ അവിടെ ഫലങ്ങള്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി’. ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ വിധി നമുക്കെല്ലാവര്‍ക്കും അറിയുന്ന ഒരു ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!