എൽഡിഎഫ്‌ വടക്കൻ മേഖലാ ജാഥയ്‌ക്ക്‌ ഇന്ന്‌ തുടക്കം ; കുമ്പളയിൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

കാസർകോട്: ഇടതുമുന്നണിയുടെ വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്‌ക്ക്‌ കാസർകോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ ഇന്നു തുടക്കം. വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ജാഥ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ജാഥ നയിക്കുന്നത്.

ഇടതുമുന്നണിയുടെ, സംസ്ഥാനത്ത്‌ പര്യടനം നടത്തുന്ന മൂന്ന്‌ ജാഥകളിൽ ആദ്യത്തേതാണിത്‌. എൽഡിഎഫ്‌ സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ സ്വീകരണ കേന്ദ്രങ്ങളിൽ വിശദീകരിക്കും. എൽഡിഎഫ്‌ സർക്കാരുകളുടെ പ്രവർത്തനത്തിലൂടെ കേരളം കൈവരിച്ച കുതിപ്പ്‌ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ജാഥയുടെ ലക്ഷ്യം. ഇതുവഴി എൽഡിഎഫിന്‌ ഭരണത്തുടർച്ചയും ലക്ഷ്യമിടുന്നു.

കാസർകോട്‌, കണ്ണൂർ, വയനാട്‌, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌ ജില്ലകളിലാണ്‌ വടക്കൻ മേഖലാ ജാഥ പര്യടനം നടത്തുക. ജാഥയുടെ സമാപനം 16ന്‌ പാലക്കാട്‌ തരൂരിൽ നടക്കും. സിപിഐ ദേശീയ സെക്രട്ടറിയറ്റ്‌ അംഗം പി സന്തോഷ്‌കുമാര്‍ എംപിയാണ് ജാഥാ മാനേജര്‍.  കെ എസ് സലീഖ (സിപിഎം), മാത്യു കുന്നപ്പള്ളി (കേരള കോണ്‍ഗ്രസ് എം), പി പി ദിവാകരന്‍ (ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍), പി എം സുരേഷ്ബാബു (എന്‍സിപി), മനയത്ത് ചന്ദ്രന്‍ (ആര്‍ജെഡി), ബാബു ഗോപിനാഥ് (കോണ്‍ഗ്രസ് എസ്), വടകോട് മോനച്ചന്‍ (കേരള കോണ്‍ഗ്രസ് ബി), എ ജെ ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), നൈസ് മാത്യു (കേരള കോണ്‍ഗ്രസ് സ്‌കറിയ) എന്നിവർ സ്ഥിരാംഗങ്ങൾ.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം നയിക്കുന്ന തെക്കൻ മേഖലാ ജാഥ ഈ മാസം നാലു മുതൽ 15 വരെയാണ്. ഫെബ്രുവരി 4 ന് തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് സമാപിക്കും. കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ മാണി നയിക്കുന്ന മധ്യമേഖലാ ജാഥയുടെ തുടക്കം ആറിന്‌ പത്തനംതിട്ടയിലാണ്‌. ആറന്മുളയിൽ നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 14 ന് എറണാകുളത്ത് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!