രോഹന്‍ കുന്നുമ്മല്‍ പുറത്താകാതെ 132 റണ്‍സ്; രഞ്ജിയില്‍ മികച്ച സ്‌കോറിനായി കേരളം

പോര്‍വോറിം: ഗോവയ്‌ക്കെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി പോരാട്ടത്തില്‍ കേരളം മികച്ച സ്‌കോറിനായി പൊരുതുന്നു. ഗോവയുടെ ഒന്നാം ഇന്നിങ്‌സ് 355 റണ്‍സില്‍ അവസാനിപ്പിച്ച കേരളം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെന്ന ശക്തമായ നിലയില്‍. 8 വിക്കറ്റുകള്‍ ശേഷിക്കെ ഗോവയുടെ സ്‌കോറിനൊപ്പമെത്താന്‍ കേരളത്തിനു 118 റണ്‍സ് കൂടി വേണം.

ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ നേടിയ കിടിലന്‍ സെഞ്ച്വറിയുടെ ബലത്തിലാണ് കേരളം മികച്ച സ്‌കോറിലേക്ക് നീങ്ങുന്നത്. താരം പുറത്താകാതെ നില്‍ക്കുന്നു. 154 പന്തില്‍ 13 ഫോറും 5 സിക്‌സും സഹിതം 132 റണ്‍സുമായാണ് താരം ക്രീസില്‍ തുടരുന്നത്.

കളി നിര്‍ത്തുമ്പോള്‍ 25 റണ്‍സുമായി സല്‍മാന്‍ നിസാറാണ് രോഹനൊപ്പം ക്രീസിലുള്ളത്. അഭിഷേക് നായര്‍ (32), സച്ചിന്‍ ബേബി (37) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്.

നേരത്തെ 6 വിക്കറ്റുകള്‍ വീഴ്ത്തിയ അങ്കിത് ശര്‍മയുടെ മിന്നും ബൗളിങാണ് ഗോവയെ 335ല്‍ ഒതുക്കിയത്. എന്‍ ബേസില്‍ രണ്ട് വിക്കറ്റെടുത്തു. എംഡി നിധീഷ്, സച്ചിന്‍ ബേബി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

86 റണ്‍സെടുത്ത സൂയഷ് പ്രഭുദേശായിയാണ് ഗോവയുടെ ടോപ് സ്‌കോറര്‍. സമര്‍ ദുഭാഷി (55), യഷ് കസവങ്കര്‍ (50) എന്നിവരും അര്‍ധ സെഞ്ച്വറി നേടി. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ (36), ക്യാപ്റ്റന്‍ സ്‌നേഹല്‍ കൗതന്‍കര്‍ (29) എന്നിവരും പിടിച്ചു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!