സന്നിധാനത്ത് നിന്നും തിരുവാഭരണ മടക്ക ഘോഷയാത്ര ആരംഭിച്ചു


സന്നിധാനം : ശബരിമല തീര്‍ഥാടനം സമാപിച്ചതിന് പിന്നാലെ തിരുവാഭരണ മടക്ക ഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു.

ശബരിമല ക്ഷേത്രത്തിൽ ഗണപതി ഹോമത്തിന് ശേഷം രാവിലെ 6.15 ന് പതിനെട്ടാം പടിയിറങ്ങി പെരിയസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം യാത്രയായി. വന്ന പാതയിലൂടെയാണ് 30 അംഗ സംഘത്തിന്റെ മടക്കം.

ജനുവരി 23 വൈകിട്ട് പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തും. ആദ്യ പെട്ടിയിലാണ് പതിനെട്ടാം പടി കയറി ഭഗവാനെ ചാര്‍ത്തുന്ന തിരുവാഭരണം. തിരുമുഖം, പ്രഭ, ചുരിക, വാള്‍, പുഷ്‌ക്കല, പൂര്‍ണ രൂപങ്ങള്‍, ആന, കടുവ, പുലി രൂപങ്ങള്‍, വലംപിരി ശംഖ് തുടങ്ങിയവയുണ്ട്.

രണ്ട് പെട്ടികള്‍ മാളികപ്പുറത്തേയ്ക്കാണ് കൊണ്ടു പോയത്. പന്തളം രാജപ്രതിനിധി കളഭാഭിഷേകത്തിന് നല്‍കിയ സ്വര്‍ണകുടം ഉള്‍പ്പെടെ രണ്ടാം പെട്ടിയിലാണ്. ഈ പെട്ടിയും പതിനെട്ടാം പടിയിലൂടെയാണ് താഴെ എത്തിച്ചത്.

തലപ്പാറമല, ഉടുമ്പാറമലയുടെ കൊടികള്‍, അയ്യപ്പന്റെ തിടമ്പ്, നെറ്റിപ്പട്ടം തുടങ്ങിയവ മൂന്നാം പെട്ടിയിലും. വിളക്കെഴുന്നള്ളിപ്പിന് ഇവയാണ് ഉപയോഗിച്ചത്.

കൊല്ലമുഴി- നിലയ്ക്കല്‍ വഴിയുള്ള മടക്ക യാത്രയില്‍ ളാഹ വനം വകുപ്പ് ഓഫീസിന് സമീപമുളള സത്രത്തില്‍ വിശ്രമിക്കും. 21 ന് പെരുന്നാട് കക്കാട് കോയിക്കല്‍ ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തി ദര്‍ശനമുണ്ട്.

22 ന് ആറന്മുള കൊട്ടാരത്തില്‍ വിശ്രമം. ഇവിടെ  തിരുവാഭരണം ദര്‍ശിക്കാന്‍ ഭക്തജനങ്ങൾക്ക് അവസരമുണ്ട്. തുടര്‍ന്ന് പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് യാത്ര തിരിക്കും. ജനുവരി 23 ന് വൈകിട്ട്  കൊട്ടാരത്തിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!