കാലിയായ പ്ലാസ്റ്റിക് മദ്യക്കുപ്പിയുടെ 20 രൂപയ്ക്കായി ‘അടിയോടടി’..ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ തർക്കം.. ആദ്യദിനം സർവത്ര ആശയക്കുഴപ്പം…

തിരുവനന്തപുരം/കണ്ണൂർ : മദ്യത്തിന്റെ പ്ലാസ്റ്റിക് കാലിക്കുപ്പി, വാങ്ങിയ ഔട്ട്‌ലെറ്റിൽ തിരിച്ചുകൊടുത്താൽ നിക്ഷേപത്തുകയായ 20 രൂപ മടക്കി നൽകുന്ന ബിവറേജസ് കോർപറേഷന്റെ പദ്ധതിയിൽ ആദ്യദിവസം തന്നെ കുപ്പികൾ തിരിച്ചെത്തി തുടങ്ങി.

ക്വാർട്ടർ കുപ്പികളാണ് (180 എംഎൽ) തിരികെ എത്തിയതിലേറെയും. 20 രൂപ നിക്ഷേപത്തുകയ്ക്ക് നൽകേണ്ട രസീത് അച്ചടി പൂർത്തിയായി ഔട്ട്‌ലെറ്റുകളിൽ എത്തിക്കാതിരുന്നത് പലയിടത്തും തർക്കങ്ങൾക്കിടയാക്കി.

കുപ്പി തിരിച്ചുകൊടുക്കാനായി ഔട്ട്‌ലെറ്റിന് സമീപത്ത് തന്നെ മദ്യപിക്കുന്നവരുടെ എണ്ണം കൂടി. രാവിലെ 9ന് ഔട്ട്‌ലെറ്റ് തുറന്ന ഉടൻ മദ്യം വാങ്ങിപ്പോയവർ മിനിറ്റുകൾക്കുള്ളിൽ കാലിക്കുപ്പിയുമായി തിരിച്ചെത്തി. ചിലർ ഔട്ട്‌ലെറ്റിന്റെ പരിസരത്ത് തന്നെ മദ്യം അകത്താക്കി കുപ്പി തിരികെ ഏൽപ്പിച്ചു. മറ്റ് ചിലർ വാങ്ങിയ മദ്യം കുപ്പി പൊട്ടിച്ച് ഒപ്പം കൊണ്ടുവന്ന കുപ്പിയിലേക്ക് മാറ്റി കാലിക്കുപ്പി തിരിച്ചേൽപ്പിച്ച് 20 രൂപ തിരിക വാങ്ങി.

കാലിക്കുപ്പി വാങ്ങാൻ 20 രൂപ തിരിച്ചുകൊടുക്കാൻ പ്രത്യേക കൗണ്ടർ തുറക്കുമെന്നും കുടുംബശ്രീ പ്രവർത്തകരെ നിയോഗിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. പലയിടത്തും അച്ചടിച്ച രസീത് എത്തിയിരുന്നില്ല. അധികം വാങ്ങുന്ന തുകയ്ക്ക് രസീത് നൽകണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു. ഇത് തർക്കത്തിലേക്ക് എത്തിച്ചു. നിലവിലുള്ള കൗണ്ടറുകൾ വഴി തന്നെയായിരുന്നു കുപ്പി തിരികെ വാങ്ങിയത്. കൗണ്ടറിൽ ബിൽ ചെയ്യുന്ന ജീവനക്കാരൻ തന്നെ കുപ്പിക്കുപുറത്ത് ലേബൽ പതിപ്പിക്കേണ്ടിവന്നത് തിരക്കേറിയ സമയങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കി.

തിരുവനന്തപുരം ജില്ലയിൽ ഏറ്റവും അധികം മദ്യവിൽപന നടക്കുന്ന പവർഹൗസ് റോഡ് ഔട്ട്‌ലെറ്റിൽ ബുധനാഴ്ച രാത്രി 7 വരെ 400 കുപ്പികൾ തിരിച്ചെത്തി. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ 10 വീതം ഔട്ട്‌ലെറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങിയത്. എല്ലായിടത്തും ആദ്യദിനം ആശയക്കുഴപ്പമുണ്ടായി. മദ്യം വാങ്ങുന്ന ഔട്ട്‌ലെറ്റിൽ തന്നെ കാലിക്കുപ്പി തിരിച്ചേൽപ്പിച്ചാൽ മാത്രമേ 20 രൂപ ലഭിക്കൂവെന്ന നിബന്ധന ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് പുതിയ പരാതി. 20 രൂപയ്ക്ക് വേണ്ടി കുപ്പി സൂക്ഷിച്ചുവെച്ച്, ഇതേ ഔട്ട്‌ലെറ്റ് തേടിവരുന്നത് എങ്ങനെ പ്രായോഗികമാകുമെന്നാണ് മദ്യ ഉപഭോക്താക്കൾ ചോദിക്കുന്നത്. ഫലത്തിൽ പദ്ധതി നടപ്പാക്കുന്ന ഔട്ട്‌ലെറ്റുകളിൽ മാത്രം മദ്യവില 20 രൂപ ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!