തുടരെ രണ്ടാം ജയവുമായി യുപി വാരിയേഴ്‌സ്; തുടരെ രണ്ടാം മത്സരം തോറ്റ് മുംബൈ ഇന്ത്യന്‍സ്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ തുടരെ മൂന്ന് മത്സരങ്ങള്‍ തോറ്റ് തുടങ്ങിയ യുപി വാരിയേഴ്‌സ് തുടരെ രണ്ടാം മത്സരം വിജയിച്ച് നാലാം സ്ഥാനത്തേക്ക് കയറി. മുംബൈ ഇന്ത്യന്‍സിനെ അവര്‍ 22 റണ്‍സിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത യുപി നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. മുംബൈയുടെ പോരാട്ടം 6 വിക്കറ്റിനു 165 റണ്‍സില്‍ അവസാനിപ്പിച്ചാണ് യുപി വാരിയേഴ്‌സ് വിജയം തുടര്‍ന്നത്.

69 റണ്‍സിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങിയ മുംബൈയെ ആറാം വിക്കറ്റില്‍ ഒന്നിച്ച അമേലിയ കെര്‍, അമന്‍ജോത് കൗര്‍ സഖ്യമാണ് തോല്‍വി ഭാരം കുറച്ചത്. അമേലിയ 49 റണ്‍സുമായി പുറത്താകാതെ നിന്നു. താരം 28 പന്തില്‍ 6 ഫോറും ഒരു സിക്‌സും സഹിതമാണ് 49ല്‍ എത്തിയത്. അമന്‍ജോത് 24 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 41 റണ്‍സെടുത്തും പൊരുതി.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 18 റണ്‍സുമായി മടങ്ങി. ഓപ്പണറായി സ്ഥാനം കയറ്റം കിട്ടിയ മലയാളി താരം സജന സജീവനു അവസരം മുതലെടുക്കാനായില്ല. ഒരു സിക്‌സും ഫോറും തൂക്കി മികച്ച രീതിയില്‍ തുടങ്ങിയ താരം 10 റണ്‍സുമായി മടങ്ങി.

യുപിയ്ക്കായി ശിഖ പാണ്ഡെ 2 വിക്കറ്റെടുത്തു. ക്രാന്തി ഗൗഡ് സോഫി എക്ലസ്റ്റോണ്‍, ദീപ്തി ശര്‍മ, ക്ലോ ട്രിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ മെഗ് ലാന്നിങ്, ഫോബ് ലിച്ഫീല്‍ഡ് എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് യുപി മികച്ച സസ്‌കോറിലെത്തിയത്. മെഗ് ലാന്നിങ് 45 പന്തില്‍ 11 ഫോറും 2 സിക്സും സഹിതം 70 റണ്‍സെടുത്തു. ലിച്ഫീല്‍ഡ് 37 പന്തില്‍ 61 റണ്‍സും അടിച്ചെടുത്തു. താരം 7 ഫോറും 3 സിക്സും പറത്തി.

ഹര്‍ലീന്‍ ഡിയോള്‍ 16 പന്തില്‍ 25 റണ്‍സെടുത്തു. ക്ലോ ട്രിയോണ്‍ 13 പന്തില്‍ 21 റണ്‍സും സ്വന്തമാക്കി. അവസാന ഓവറില്‍ യുപിക്ക് 3 വിക്കറ്റുകള്‍ നഷ്ടമായി.

മുംബൈക്കായി അമേലിയ കെര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. നാറ്റ് സീവര്‍ ബ്രാന്‍ഡ് 2 വിക്കറ്റ് സ്വന്തമാക്കി. നിക്കോള കാരി, ഹെയ്ലി മാത്യൂസ്, അമന്‍ജോത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!