കാര്യവട്ടത്തെ സൂപ്പർ ഇന്ത്യ! തുടരെ നാലാം ജയം…

തിരുവനന്തപുരം: ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടരെ രണ്ടാം പോരാട്ടമാണ് ഇന്ത്യന്‍ വനിതകള്‍ വിജയിക്കുന്നത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 4-0ത്തിനു മുന്നില്‍. ഗ്രീന്‍ഫീല്‍ഡില്‍ ശ്രീലങ്കന്‍ വനിതകള്‍ക്ക് മുന്നില്‍ റെക്കോര്‍ഡ് സ്‌കോറുയര്‍ത്തിയാണ് ഇന്ത്യ ജയിച്ചു കയറിയത്. ടോസ് നേടി ശ്രീലങ്ക ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

നിശ്ചിത ഓവറില്‍ ഇന്ത്യ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 221 റണ്‍സ്. രാജ്യാന്തര വനിതാ ടി20യില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ടോട്ടലെന്ന റെക്കോര്‍ഡും ഈ സ്‌കോര്‍ സ്വന്തമാക്കി. മറുപടി പറഞ്ഞ ശ്രീലങ്കയുടെ പോരാട്ടം 6 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സില്‍ അവസാനിച്ചു. ലങ്കന്‍ വനിതകള്‍ പൊരുതി നോക്കിയെങ്കിലും ജയത്തിലെത്തിയില്ല. 30 റണ്‍സ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

222 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലങ്കന്‍ വനിതകള്‍ അതിവേഗ തുടക്കവുമായി മുന്നേറിയെങ്കിലും പിന്നീട് റണ്‍സെടുക്കുന്നതില്‍ വേഗം കുറഞ്ഞു. ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടു 37 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 52 റണ്‍സെടുത്തു തിരിച്ചടിക്കു നേതൃത്വം നല്‍കിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.

സഹ ഓപ്പണര്‍ ഹസിനി പെരേര (33), ഇമേഷ ദുലനി (29), ഹര്‍ഷിത സമരവിക്രമ (20), നിലാക്ഷിക സില്‍വ (പുറത്താകാതെ 23) എന്നിവര്‍ പൊരുതി നോക്കി. അതും മതിയായില്ല.

ഇന്ത്യക്കായി അരുന്ധതി റെഡ്ഡി, വൈഷ്ണവി ശര്‍മ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ശ്രീ ചരണി ഒരു വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു ഇറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ സ്മൃതി മന്ധാനയും ഷെഫാലി വര്‍മയും ചേര്‍ന്നു സ്വപ്‌നതുല്യ തുടക്കമാണ് നല്‍കിയത്. ചമരി അട്ടപ്പട്ടുവിന്റെ തീരുമാനം തെറ്റായിരുന്നുവെന്നു സ്മൃതിയും ഷെഫാലിയും തെളിയിച്ചു. ഇരുവരും ഒന്നാം വിക്കറ്റില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 162 റണ്‍സ്. സ്മൃതിയും ഷെഫാലിയും അര്‍ധ സെഞ്ച്വറികള്‍ തികച്ചാണ് കളം വിട്ടത്.

തുടരെ രണ്ടാം പോരാട്ടത്തിലാണ് ഷെഫാലി അര്‍ധ സെഞ്ച്വറി കുറിക്കുന്നത്. താരം 46 പന്തില്‍ 12 ഫോറും ഒരു സിക്‌സും സഹിതം 79 റണ്‍സെടുത്തു. സ്മൃതി 48 പന്തില്‍ 11 ഫോറും 3 സിക്‌സും സഹിതം 80 റണ്‍സും അടിച്ചെടുത്തു.

പിന്നീടെത്തിയ റിച്ച ഘോഷിന്റെ കാമിയോ ഇന്നിങ്‌സാണ് സ്‌കോര്‍ 200 കടത്തിയത്. താരം 16 പന്തില്‍ 4 ഫോറും 3 സിക്‌സും സഹിതം 40 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 10 പന്തില്‍ 16 റണ്‍സും അടിച്ച് സ്‌കോര്‍ 221ല്‍ എത്തിച്ചു. ക്യാപ്റ്റന്‍ ഓരോ സിക്‌സും ഫോറും പറത്തി.

2024ല്‍ വെസ്റ്റ് ഇന്‍ഡീസ് വനിതാ ടീമിനെതിരെ ഉയര്‍ത്തിയ 4 വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെന്ന ടോട്ടലിന്റെ റെക്കോര്‍ഡാണ് ഇന്ത്യ ഗ്രീന്‍ഫീല്‍ഡില്‍ തിരുത്തിയത്. ഇത് നാലാം തവണയാണ് ഇന്ത്യ ടി20യില്‍ 200നു മുകളില്‍ സ്‌കോറുയര്‍ത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!