തൊടുപുഴ : കൊച്ചി , കോട്ടയം എന്നിവിടങ്ങളിൽ മാത്രമല്ല, കോൺഗ്രസിന് മേൽക്കൈ ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം പ്രശ്നങ്ങളാണ്.
ഏറ്റവുമൊടുവിൽ കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫിൻ്റെ തട്ടകമായ തൊടുപുഴയിലാണ് കോൺഗ്രസിനെ വലയ്ക്കുന്ന പ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നത്….
തൊടുപുഴ നഗരസഭ അധ്യക്ഷസ്ഥാനത്തെ ചൊല്ലി കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമായി. നഗരസഭ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പത്ത് വര്‍ഷത്തിന് ശേഷം യുഡിഎഫില്‍ നിന്ന് ആദ്യ ടേമില്‍ മുസ്ലീംലീഗ് പ്രതിനിധിക്ക് ചെയര്‍പേഴ്‌സണ്‍ പദവി നല്‍കാന്‍ ധാരണയായ സാഹചര്യത്തിലാണ് പോസ്റ്റർ പ്രത്യക്ഷപെട്ടിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 21 സീറ്റ് ലഭിച്ചിരുന്നു. ഇതില്‍ 10 സീറ്റ് കോണ്‍ഗ്രസിനും എട്ട് സീറ്റ് മുസ്ലിം ലീഗിനും ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ മൂന്ന് സീറ്റ് കേരളാ കോണ്‍ഗ്രസിനും ലഭിച്ചിരുന്നു. ഇതോടെ ചെയർപേഴ് സൺ സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമായി.
തുടർന്ന് ആദ്യടേം മുസ്ലീംലീഗിന് നല്‍കി താത്കാലികമായി പ്രശ്‌നം പരിഹരിക്കാൻ ധാരണയായി.
അതേസമയം വൈസ് ചെയര്‍മാന്‍ ആദ്യ ടേം കോണ്‍ഗ്രസിലെ കെ. ദീപക്കാകും.
28-ാം വാര്‍ഡ് കൗണ്‍സിലറായ ലിറ്റി ജോസഫിനെ അധ്യക്ഷയാക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഭൂരിഭാഗം കൗണ്‍സിലര്‍മാരും അഭിപ്രായപ്പെട്ടതോടെയാണ് തര്‍ക്കം ഉടലെടുത്തത്. കോണ്‍ഗ്രസിന്റെ 10 കൗണ്‍സിലര്‍മാരില്‍ യോഗത്തില്‍ പങ്കെടുത്ത ഒമ്പതില്‍ എട്ട് പേരും ലിറ്റി ജോസഫ് അധ്യക്ഷയാകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
യോഗത്തില്‍ പങ്കെടുക്കാത്ത ടി.കെ. സുധാകരന്‍ നായരടക്കമുള്ള ഒമ്പത് കൗണ്‍സിലര്‍മാരും ലിറ്റിയെ പിന്തുണച്ചു കൊണ്ട് ഒപ്പിട്ട കത്ത് കെപിസിസിക്കും ഡിസിസിക്കും നല്‍കി. ഇതോടെ കോണ്‍ഗ്രസില്‍ ഒരു വിഭാഗം കെപിസിസി ജനറൽ സെക്രട്ടറി നിഷ സോമനെ പിന്തുണച്ചുകൊണ്ട് സാമൂഹ്യമാധ്യമത്തിലടക്കം രംഗത്തെത്തുകയും ഇതിന് പിന്നാലെ നഗരത്തില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെടുകയായിരുന്നു.
ഇതോടെയാണ് പ്രശ്‌നപരിഹാരമെന്ന നിലയില്‍ ആദ്യ ടേം മുസ്ലീം ലീഗിന് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. മുസ്ലിം ലീഗിന് ചെയര്‍പേഴ്‌സണ്‍ പദവി കിട്ടിയാല്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറും സുബൈദ സെയ്ദ് മുഹമ്മദുമാണ് പരിഗണനയില്‍. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ഒരുവര്‍ഷം കേരളകോണ്‍ഗ്രസും അവകാശവാദം ഉന്നയിച്ചിട്ടുമുണ്ട്. ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30നും നടക്കുമെന്നിരിക്കെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
