ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റാകും, എം വിജിന്‍ സെക്രട്ടറി

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റാകും. കല്യാശേരി എംഎല്‍എയായ എം വിജിന്‍ സംസ്ഥാന സെക്രട്ടറിയുമാകും. ആലപ്പുഴയില്‍ നിന്നുള്ള രാഹുല്‍ പുതിയ ട്രഷററുമാകും. കഴിഞ്ഞദിവസം ചേര്‍ന്ന ഡിവൈഎഫ്‌ഐ ഫ്രാക്ഷന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനത്തിലെത്തിയത്.

ചിന്ത ജെറോമിനെ തെരഞ്ഞെടുത്താൽ ഡിവൈഎഫ്‌ഐയുടെ ആദ്യ സംസ്ഥാന വനിതാ പ്രസിഡന്റായി മാറും. നിലവില്‍ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഫ്രാക്ഷന്‍ യോഗത്തില്‍ പാനല്‍ അവതരിപ്പിച്ചത്. തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ പേര് ഉയര്‍ന്നു വന്നെങ്കിലും പരിഗണിച്ചില്ല.

ഡിവൈഎഫ്‌ഐ ഭാരവാഹികളാകുന്നതില്‍ 38 വയസ് പ്രായപരിധി കര്‍ശനമാക്കിയിട്ടുണ്ട്. അടുത്തദിവസം ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ പാനല്‍ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 19 മുതല്‍ 22 വരെ തൃശ്ശൂരിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം നടക്കുക. സമ്മേളനത്തിലാണ് ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

കല്യാശേരി എംഎല്‍എയായ എം വിജിന്‍ നേരത്തെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിലെ സംസ്ഥാന പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ വി വസീഫും വി കെ സനോജും 2022 ല്‍ പത്തനംതിട്ടയില്‍ വച്ചു നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!