മൂന്നു വാര്‍ഡുകളിലെ വോട്ടെടുപ്പ്: പ്രത്യേക വിജ്ഞാപനം ഇന്ന്; ബിജെപിയ്ക്ക് നിര്‍ണായകം…

തിരുവനന്തപുരം : സ്ഥാനാര്‍ത്ഥികളുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നു പുറപ്പെടുവിക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാര്‍ഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടക്കുക.

ഈ മൂന്നു വാര്‍ഡുകളില്‍ ജനുവരി 13 ന് വോട്ടെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. ജനുവരി 14 ന് വോട്ടെണ്ണലും നടക്കും. ഡിസംബര്‍ 24 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. പത്രികയുടെ സൂക്ഷമ പരിശോധന ഡിസംബര്‍ 26 ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 29 ആണ്.

ഈ വാര്‍ഡുകളില്‍ നിലവില്‍ സ്ഥാനാര്‍ത്ഥികളായവര്‍ വീണ്ടും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായും തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനില്‍ പ്രത്യേകമായും മാതൃകാപെരുമാറ്റചട്ടം നിലനില്‍ക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ബിജെപിയ്ക്ക് വളരെ നിര്‍ണായകമാണ്. 101 അംഗ കൗണ്‍സിലില്‍ 50 സീറ്റുകളാണ് ബിജെപിയ്ക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രമാണ് നിലവില്‍ ബിജെപിയ്ക്ക് കുറവുള്ളത്. അതുകൊണ്ടുതന്നെ വിഴിഞ്ഞം വാര്‍ഡില്‍ വിജയിക്കേണ്ടത് ബിജെപിയ്ക്ക് അത്യന്താപേക്ഷിതമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!