നെഹ്റുട്രോഫിയിൽ മുത്തമിടാൻ കല്ലൂപ്പറമ്പൻ വീണ്ടും; പുത്തൻ ചുണ്ടന്റെ ഉളികുത്ത് ചടങ്ങ് നടന്നു


കോട്ടയം: പുന്നമടക്കായലിലെ ജലരാജാക്കന്മാരെ പിന്നിലാക്കി നെഹ്റുട്രോഫിയിൽ വീണ്ടും വിജയക്കൊടി പാറിക്കാൻ കോട്ടയത്തിന്റെ അഭിമാനമായ ‘കല്ലൂപ്പറമ്പൻ’ ചുണ്ടൻ പുനർജനിക്കുന്നു. കല്ലൂപ്പറമ്പൻ പുത്തൻ ചുണ്ടന്റെ ഉളികുത്ത് ചടങ്ങ് കോട്ടയം പള്ളത്തുള്ള കല്ലൂപ്പറമ്പിൽ ഭവനത്തിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു.

ചരിത്ര വിജയം ആവർത്തിക്കാൻ പുത്തൻ വള്ളം 1969-ൽ ആലപ്പുഴയിലെ കരുത്തരായ വള്ളങ്ങളോട് മത്സരിക്കാ നായി കോട്ടയം ജില്ലയിൽ നിന്ന് പണിതിറക്കിയതാണ് ആദ്യ കല്ലൂപ്പറമ്പൻ ചുണ്ടൻ. പ്രശസ്ത ശില്പി കോഴിമുക്ക് നാരായണൻ ആചാരി ഒരു പള്ളിയോടത്തെ ചുണ്ടൻ വള്ളമായി രൂപപ്പെടുത്തിയെടുക്കു കയായിരുന്നു. 1970-ൽ പങ്കെടുത്ത ആദ്യ മത്സരത്തിൽ തന്നെ നെഹ്റുട്രോഫി കരസ്ഥമാക്കി കല്ലൂപ്പറമ്പൻ ചരിത്രം കുറിച്ചു. തുടർന്ന് 1971, 1972, 1973 വർഷങ്ങളിലും തുടർച്ചയായി കിരീടം നേടി തങ്ങളുടെ കരുത്ത് തെളിയിച്ചു. 1993-ലാണ് കല്ലൂപ്പറമ്പൻ അവസാനമായി നെഹ്റുട്രോഫിയിൽ മുത്തമിട്ടത്.

പുതിയ വള്ളം, പുതിയ പ്രതീക്ഷകൾ താഴത്തങ്ങാടി വള്ളംകളിയിലടക്കം നിരവധി വിജയങ്ങൾ കൊയ്ത കല്ലൂപ്പറമ്പൻ, പഴക്കം മൂലം 2009-ലാണ് അവസാനമായി മത്സരരംഗത്തിറങ്ങിയത്. വള്ളംകളി പ്രേമികളുടെയും കുടുംബാംഗങ്ങളുടെയും ആഗ്രഹപ്രകാരമാണ് ഇപ്പോൾ പുതിയ ചുണ്ടൻ നിർമ്മിക്കുന്നത്. പഴയ വള്ളത്തിന്റെ ശില്പി കോഴിമുക്ക് നാരായണൻ ആചാരിയുടെ ചെറുമകൻ സുരേഷ് മഹേശ്വരൻ ആചാരിയാണ് പുതിയ വള്ളത്തിന്റെയും ശില്പി.

ഏകദേശം ഒരു കോടി രൂപയാണ് വള്ളത്തിന്റെ നിർമ്മാണത്തിനായി പ്രതീക്ഷിക്കുന്ന ചെലവ്. പാരമ്പര്യവും ആധുനിക സാങ്കേതികതയും കോർത്തിണക്കി നിർമ്മിക്കുന്ന പുതിയ കല്ലൂപ്പറമ്പൻ വള്ളം വരും വർഷങ്ങളിൽ ജലമേളകളിലെ സജീവ സാന്നിധ്യമാകുമെന്ന പ്രതീക്ഷയിലാണ് വള്ളംകളി പ്രേമികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!