റിപ്പബ്ലിക് ദിനാഘോഷം 2026; വിപുലമായി സംഘടിപ്പിക്കാൻ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

തിരുവനന്തപുരം : റിപ്പബ്ലിക് ദിനാഘോഷം സംസ്ഥാനത്ത് വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നതിന് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലെയും പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ, സർവകലാശാലകൾ, കോളേജുകൾ, സ്‌കൂളുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.

തലസ്ഥാന നഗരത്തിൽ രാവിലെ ഒമ്പതിന് ഗവർണർ ദേശീയ പതാക ഉയർത്തും. തുടർന്ന് കരസേന, വ്യോമസേന, പോലീസ്, അശ്വാരൂഢസേന, എൻ.സി.സി, എൻ.എസ്.എസ് തുടങ്ങിയ വിഭാഗങ്ങളുടെ അഭിവാദ്യം ഗവർണർ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും.

ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തി പോലീസ്, ഹോം ഗാർഡ്സ്, എൻ.സി.സി, സ്‌കൗട്ട്സ് തുടങ്ങിയ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും.

സബ് ഡിവിഷണൽ, ബ്ലോക്ക് തലങ്ങളിൽ മജിസ്‌ട്രേറ്റുമാരോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരോ പതാക ഉയർത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ ചെയർപേഴ്സൺമാർ അല്ലെങ്കിൽ മേയർമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളിലുമുള്ള പരിപാടികളിൽ അതത് വകുപ്പ് മേധാവികൾ പതാക ഉയർത്തുകയും പരമാവധി ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കുകയും വേണം.

ആഘോഷങ്ങൾ നടത്തുമ്പോൾ 2002-ലെ ഫ്ലാഗ് കോഡ് വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ദേശീയ പതാകകളുടെ നിർമ്മാണവും ഉപയോഗവും പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!