ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദം ശക്തമാകുന്ന വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. ബിഎല്‍ഒമാരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബിഎല്‍ഒമാരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധ പതിയണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
പശ്ചിമ ബംഗാളില്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിഎല്‍ഒമാര്‍ ഭീഷണി നേരിടുന്നു എന്ന ആരോപണത്തിലാണ് ഇടപെടല്‍. വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണമില്ലായ്മ ഗൗരവമായി കാണണം. ഇത്തരം സംഭവങ്ങള്‍ അരാജകത്വത്തിന് വഴിവയ്ക്കും എന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജ. ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
എസ്‌ഐആര്‍ നടപടികളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിക്കാതിരിക്കുക, ബിഎല്‍ഒമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുക തുടങ്ങിയ സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ കോടതിയെ അറിയിക്കണം. വിഷയത്തില്‍ ആവശ്യമായ ഉത്തരവുകള്‍ നല്‍കാന്‍ സുപ്രീം കോടതി തയ്യാറാണെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
എന്നാല്‍, തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന പൊലീസിന്റെ നിയന്ത്രണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാര പരിധിയില്‍ കൊണ്ടുവരാന്‍ കഴിയുന്നതെങ്ങനെയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സ്ഥിതി കൂടുതല്‍ വഷളായാല്‍, സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയിലുള്ള പൊലീസിന്റെ നിയന്ത്രണം തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയുടെ ആവശ്യത്തോടായിരുന്നു കോടതിയുടെ പ്രതികരണം.
പശ്ചിമ ബംഗാളിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുവരെ കമ്മിഷന്‍റെ ഡെപ്യൂട്ടേഷനു കീഴില്‍ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് സനാതനി സംഗദ് എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. എസ്ഐആര്‍ പൂര്‍ത്തിയാകുന്നതുവരെ സംസ്ഥാനത്ത് കേന്ദ്ര സായുധ സേനയെ വിന്യസിക്കുന്നതിന് ബദല്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പശ്ചിമ ബംഗാളിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
അതേസമയം, ബിഎല്‍ഒമാര്‍ക്ക് ജോലിഭാരമില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിഭാഷകന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. ഇത് ഡസ്‌ക് ജോലിയല്ലെന്നും നാട്ടിലിറങ്ങിയുള്ള പണിയാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ജോലിഭാരം കൂടുതല്‍ ഉണ്ടെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
