തിരുവനന്തപുരത്ത് പൊലീസിനുനേരെ ആക്രമണം; ബന്ദിയാക്കി, പ്രതികളെ ബലമായി രക്ഷപ്പെടുത്തി

തിരുവനന്തപുരം : പുതുക്കുറിച്ചിയിൽ പൊലീസിനുനേരെ ആക്രമണം. അടിപിടി കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് സംഭവം. പൊലീസിനെ ബന്ദിയാക്കി നാട്ടുകാര്‍ അടിപിടി കേസിലെ പ്രതികളെ ബലമായി രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.

സ്ഥലത്ത് ഇരുസംഘങ്ങള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്നാണ് കഠിനകുളം പൊലീസ് സ്ഥലത്തെത്തുന്നത്.  സ്ഥലത്തുണ്ടായിരുന്ന സഹോദരങ്ങളായ രണ്ടുപേരെ കസ്റ്റഡിയിലെടുക്കുക യായിരുന്നു. എന്നാല്‍, പൊലീസിനെ നാട്ടുകാരും യുവാക്കളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും തടഞ്ഞു.

പ്രതിഷേധം ശക്തമായതോടെയാണ് പ്രതികളുടെ വിലങ്ങ് അഴിച്ച് വിട്ടുകൊടുത്തത്. പൊലീസുകാരെ ബന്ദിയാക്കിയതറിഞ്ഞ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം തുടര്‍ന്ന് സ്ഥലത്തെത്തിയെങ്കിലും ആരെയും പിടികൂടാനായില്ല.

പൊലീസെത്തി പ്രതികളെ വീണ്ടും പിടികൂടാൻ ശ്രമിച്ചെങ്കിലും പിന്‍വാങ്ങുകയായിരുന്നു.   തമ്മിലടിച്ച സംഘങ്ങളിൽ പലരും നിരവധി കേസുകളിൽ പ്രതികളാണ്. ഇവരെ പൊലീസ് പിടികൂടിയെങ്കിലും നാട്ടുകാര്‍ സംഘം ചേര്‍ന്ന് പൊലീസിനുനേരെ തിരിഞ്ഞു. തുടര്‍ന്ന് പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു. 

തീരദേശമായതിനാൽ രാത്രി മറ്റു നടപടികൾ വേണ്ടെന്ന തീരുമാനത്തിൽ പൊലീസ് സംഘം മടങ്ങി. അടിപിടിയിൽ പരിക്കേറ്റ മൂന്നു പേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അടിപിടിയിലും പൊലീസിനെ തടഞ്ഞതിനും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ജീപ്പിന് മുന്നില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്നവരെ പൊലീസ് ബലമായി നീക്കം ചെയ്യുകയായിരുന്നു.  അതേസമയം, നിരപരാധികളെയാണ് പൊലീസ് പിടികൂടിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പൊലീസിനുനേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!