ഇടുക്കി: മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി എന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിവച്ച് റവന്യൂ വിഭാഗം. ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
ചിന്നക്കനാലിലെ കപ്പിത്താന്‍ റിസോര്‍ട്ട് പണിത ഭൂമിയില്‍ സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റവന്യൂ വിഭാഗത്തിന്റെ കണ്ടെത്തല്‍. പട്ടയത്തില്‍ ഉള്ളതിനേക്കാള്‍ 50 സെന്റ് അധിക ഭൂമിയുണ്ട്. വില്ലേജ് സര്‍വേയര്‍ സ്ഥലം അളന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ ഭൂമി കണ്ടെത്തിയത്.
നിയമപ്രകാരമുള്ള ഒരു ഏക്കര്‍ 20 സെന്റ് ഭൂമിയില്‍ മിച്ചഭൂമി കേസുള്ള കാര്യം മറച്ച് വച്ച് രജിസ്ട്രേഷന്‍ ചെയ്ത് പോക്കുവരവ് നടത്തിയെന്ന് വിജിലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 50 സെന്റ് പുറമ്പോക്ക് ഭൂമി കൈയേറി എംഎല്‍എ മതില്‍ നിര്‍മ്മിച്ചെന്നും സ്ഥലം വാങ്ങുമ്പോള്‍ ഉണ്ടായിരുന്ന 1,000 ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് കണ്ടെത്തിയത്.
2008ലെ മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ട സ്ഥലത്താണ് മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം വില്‍പ്പന നടത്താനാകില്ല. അധികമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്തിന്റെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സ്ഥലം തിരികെ പിടിക്കാന്‍ ശിപാര്‍ശ നല്‍കുമെന്ന് നേരത്തെ വിജിലന്‍സും വ്യക്തമാക്കിയിരുന്നു.
ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഭൂസംരക്ഷണ നിയമ പ്രകാരം നടപടി എടുക്കാന്‍ ആവശ്യപ്പെട്ട് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.
