‘ഒരാളെപ്പോലും വെറുതെ വിടില്ല’; കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി; കാബിനറ്റ് സുരക്ഷാസമിതി യോഗം നാളെ

ന്യൂഡല്‍ഹി: ഡല്‍ഹി ചാവേര്‍ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെപ്പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റക്കാരായവരെ ശിക്ഷിക്കും. അന്വേഷണ ഏജന്‍സികള്‍ ഗൂഢാലോചനയുടെ താഴേത്തട്ടുവരെ അന്വേഷിക്കുന്നുണ്ട്. ഇതില്‍ പങ്കാളികളായ ഒരാളെപ്പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ല. കുറ്റവാളികളെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭൂട്ടാനില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തിംഫുവില്‍ സംസാരിക്കുകയായിരുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞദിവസം വൈകീട്ടുണ്ടായ സ്‌ഫോടനം അതീവ ദുഃഖകരമായ ഒന്നാണ്. ഭീകരാക്രമണത്തില്‍ ഉറ്റവരെ നഷ്ടമായവരുടെ വേദന മനസ്സിലാക്കുന്നു. ഇരകളായവരുടെ കുടുംബത്തിന്റെ സങ്കടത്തില്‍ പങ്കുചേരുന്നു. രാജ്യം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ രാത്രി മുഴുവന്‍ അന്വേഷണ സംഘങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സുരക്ഷാ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തി. ഭൂട്ടാനിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നാളെ ഡല്‍ഹിയിലെത്തിയശേഷം കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി യോഗം ചേരും. വൈകീട്ട് 5.30 ന് യോഗം ചേരാനാണ് തീരുമാനിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!