കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ്, സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ചുള്ള സംസ്ഥാന സർക്കാർ ഉത്തരവിറങ്ങി.

രണ്ട് വർഷത്തേയ്‌ക്കാണ് നിയമനം. അടുത്ത വെള്ളിയാഴ്ച മുതല്‍ നിയമന ഉത്തരവ് പ്രാബല്യത്തില്‍ വരും. സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ.രാജു ദേവസ്വം ബോർഡ് അംഗമാകും.

പിഎസ് പ്രശാന്ത് അടങ്ങുന്ന ഭരണസമിതിയുടെ കാലാവധി നവംബർ 13ന് അവസാനിക്കുകയാണ്. ഇതനുസരിച്ചാണ് കെ ജയകുമാറിനെ നവംബർ 14 മുതല്‍ പ്രസിഡന്റാക്കി സംസ്ഥാന സർക്കാർ ഉത്തരവിറിക്കിയത്.

മലയാളം സർവകലാശാല മുൻ വൈസ് ചാൻസലരും നിലവില്‍ ഇൻസ്‌റ്റി‌റ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവണ്‍മെന്റ് ഡയറക്ടറുമാണ് ജയകുമാർ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ വൈസ് ചാൻസലറുമായിരുന്നു.

കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും മികവ് കാഴ്ചവെച്ചിട്ടുണ്ട്. വരാനിരിക്കുന്ന ശബരിമല സീസണ് മുന്‍ഗണന നല്‍കുമെന്നാണ് ജയകുമാർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്.

തീർഥാടനകാലം അടുത്തെത്തിയിരിക്കെയാണ് നിയോഗം ലഭിച്ചത്. തീർഥാടനം ഭംഗിയായി നടത്തണം. അതിനായിരിക്കും മുൻഗണന നല്‍കുക. പരാതിക്കിടയില്ലാതെ സാധാരണക്കാരായ ഭക്തർതക്ക് ദർശന സൗകര്യം ഒരുക്കും. മറ്റുകാര്യങ്ങളെ കുറിച്ചൊന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!