വാഹനപരിശോധനയ്ക്കിടെ വനിതാ പൊലീസിനെ ഉൾപ്പെടെ ആക്രമിച്ചു; അറസ്റ്റിലായത് അവധിയ്ക്കെത്തിയ സൈനികനടക്കം നാല് പേർ

പാലക്കാട്: ലഹരിവേട്ടയുടെ ഭാഗമായി നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ വാഹനപരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച കേസിൽ ലീവിൽ നാട്ടിലെത്തിയ സൈനികനടക്കം നാല് പേർ അറസ്റ്റിൽ. റാഞ്ചിയിൽ സേവനമനുഷ്ഠിക്കുന്ന ജിനേഷ്, തൃക്കളൂർ സ്വദേശികളായ രഞ്ജിത്ത് (37), അനീഷ് (35), അരിയൂർ സ്വദേശി പ്രവീൺ (39) എന്നിവരാണ് പിടിയിലായത്. ഹേമാംബിക പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്‌ഐ എസ്. സുദർശന, എസ്‌ഐ ജോൺ സേവ്യർ, സീനിയർ സി.പി.ഒ രജീഷ് എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

മലമ്പുഴ ഭാഗത്തുനിന്നെത്തിയ കാർ പൊലീസ് പരിശോധനയ്ക്കായി നിർത്തിച്ചപ്പോഴാണ് സംഭവം. പരിശോധനയെ എതിർത്ത പ്രതികൾ എസ്ഐ ജോൺ സേവ്യറുമായി വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് കാറിന്റെ പിൻസീറ്റിലിരുന്ന ജിനേഷ് ഉദ്യോഗസ്ഥനെ മുഖത്തടിക്കുകയുമായിരുന്നു. ആക്രമണത്തിൽ ജോൺ സേവ്യറിന്റെ കണ്ണട തകർന്നു.

സഹപ്രവർത്തകനെ രക്ഷിക്കാൻ ശ്രമിച്ച വനിതാ പ്രിൻസിപ്പൽ എസ്ഐ ഉൾപ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥർക്കും മർദനമേറ്റു. ഒരു പ്രതി എസ്ഐയുടെ കഴുത്തിൽ ചവിട്ടി ഞെരിക്കാൻ ശ്രമിച്ചതായും പൊലീസ് വ്യക്തമാക്കി.

ഹോംഗാർഡ് വിവരം കൈമാറിയതിനെ തുടർന്ന് സ്ഥലത്തെത്തിയ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ കീഴടക്കി അറസ്റ്റ് ചെയ്‌തത്‌. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വൈദ്യപരിശോധനയ്ക്കുശേഷം പ്രതികൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, വനിതാ ഉദ്യോഗസ്ഥയെ മർദിക്കൽ, അസഭ്യം പറയൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!