ന്യൂഡൽഹി : ദൽഹിയിൽ എം പി മാരുടെ ഫ്ലാറ്റിൽ വൻതീപ്പിടിത്തം. രാജ്യസഭാ എം പി മാർക്ക് നൽകിയിരിക്കുന്ന ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് തീ പടർന്നു പിടിച്ചത് . മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ ഫയർഫോഴ്സ‌് ഒരുവിധത്തിൽ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ആളപായമില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
ഫ്ലാറ്റിലെ ബേസ്മെന്റ് ഭാഗത്ത് 12.30ഓടെയാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിൽ നിരവധി നാശനഷ്‌ടങ്ങളാണ് സംഭവിച്ചത്. ബേസ്മെന്റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫർണിച്ചർ പൂർണമായും കത്തി നശിച്ചു. മുകളിലേക്ക് തീ പടർന്നതിനെ തുടർന്ന് രണ്ട് ഫ്ളോറുകൾ പൂർണമായി കത്തി നശിച്ചു.
കേരളത്തിൽ നിന്ന് 3 എംപിമാരാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നത്. ജെബിമേത്തർ, ജോസ് കെ മാണി, ഹാരിസ് ബീരാൻ എന്നിവരാണ് ഇവിടെയുള്ളത്. എം പി മാർ ആരും സ്ഥലത്ത് ഇല്ലാത്തതിനാൽ സ്റ്റാഫുകളും കാര്യമായി ഉണ്ടായിരുന്നില്ല. അതിനാൽ ആളപായമില്ലെന്നും, ഉണ്ടായിരുന്ന ചുരുക്കം പേരെ വളരെ പെട്ടെന്ന് തന്നെ മാറ്റിയെന്നുമാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.
