സ്വര്‍ണക്കൊള്ളയില്‍ വന്‍ ഗൂഢാലോചന, ഉദ്യോഗസ്ഥരെ കുരുക്കി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി; സ്വര്‍ണം പങ്കിട്ടെടുത്തു ?

തിരുവനന്തപുരം:  ശബരിമല സ്വര്‍ണക്കൊള്ളയില്‍ വന്‍ ഗൂഢാലോചന നടന്നതായി അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി  മൊഴി നല്‍കിയതായി സൂചന. ഗൂഢാലോചനയിലും സ്വര്‍ണക്കവര്‍ച്ചയിലും തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്കും ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. ചില ഉദ്യോഗസ്ഥരുടെ പേര് അടക്കം എസ്‌ഐടിയോട് പറഞ്ഞതായാണ് വിവരം.

താന്‍ ശബരിമലയില്‍ സ്‌പോണ്‍സറായി എത്തിയതുമുതല്‍ ഗൂഢാലോചന തുടങ്ങിയതായാണ് പോറ്റി പറഞ്ഞത്. താന്‍ സ്‌പോണ്‍സറായി എത്തിയതുമുതല്‍ ദേവസ്വത്തിലെ ഉന്നതര്‍ തന്നെ നോട്ടമിട്ടിരുന്നു. ശബരിമലയിലെ സ്വര്‍ണം തട്ടിയെടുക്കുകയെന്ന ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കല്‍പേഷിനെ കൊണ്ടുവന്നതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. തട്ടിയെടുത്ത സ്വര്‍ണം കല്‍പേഷിന് കൈമാറിയെന്നാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെ പങ്കജ് ഭണ്ഡാരി എസ്‌ഐടിയോട് വെളിപ്പെടുത്തിയിരുന്നത്.

കല്‍പേഷിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ എസ്‌ഐടി പുറത്തു വിട്ടിട്ടില്ല. സ്വര്‍ണപ്പാളികള്‍ സൂക്ഷിച്ചതായി പറയുന്ന നാഗേഷിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ശബരിമലയിലെ സ്വര്‍ണം ചെമ്പായത് ഉള്‍പ്പെടെ വന്‍ ഗൂഢാലോചനയുടെ ഭാഗമാണ്. ശബരിമലയില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണം പങ്കിട്ടെടുത്തെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. സ്വര്‍ണപ്പാളി ആര്‍ക്കുകൈമാറി, എത്ര സ്വര്‍ണം നഷ്ടപ്പെട്ടു, ആരൊക്കെ തട്ടിപ്പില്‍ ഉള്‍പ്പെട്ടു തുടങ്ങിയ കാര്യങ്ങള്‍ എസ്‌ഐടി അന്വേഷിച്ചു വരികയാണ്.

ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. പുലർച്ചെ 2.30 നാണ് പ്രത്യേക അന്വേഷണ സംഘം പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പാളിയുടെയും, ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണക്കൊള്ളയിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

എസ്ഐടി അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് കേസിലെ നിർണായക നടപടി. ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് ഉച്ചയോടെ റാന്നി കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!