നീലേശ്വരം വെടിക്കെട്ട് അപകടം; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചോയ്യംകോട് കിനാനൂര്‍ സ്വദേശി സന്ദീപ് (38) ആണ് മരിച്ചത്. കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വൈകിട്ടോടെയാണ് മരണം. ഗുരുതരമായി പരിക്കേറ്റ സന്ദീപ് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് വെടിപ്പുരക്ക് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 12.30ന് തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയില്‍ കനല്‍തരി വെടിപ്പുരയുടെ ഷീറ്റ് ഇളകിയ ഭാഗത്തുകൂടി അകത്തേക്ക് പതിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികള്‍ക്ക് ഹോസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി കെ ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കത്തിന് തിരികൊളുത്തിയ പി രാജേഷ് എന്നിവര്‍ക്കാണ് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.

രാജേഷ് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പടക്കം പൊട്ടിക്കാന്‍ ഒപ്പമുണ്ടായിരുന്ന കെ വി വിജയന്‍ എന്നയാളെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസ് ചുമത്തിയിരിക്കുന്നത്. സ്ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!