ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കില്‍ കുറ്റവാളികള്‍ സംരക്ഷിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള രാഷ്ട്രീയത്തിലെ ചൂടുള്ള ചര്‍ച്ചയായി സ്വര്‍ണപ്പാളി വിഷയം തുടരുന്നതിനിടെയാണ് വിഷയത്തില്‍ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശാനുസരണമുള്ള എസ്ഐടി അന്വേഷണം തുടങ്ങിക്കഴിഞ്ഞു. കുറ്റവാളികളുണ്ടെങ്കില്‍ അവരെല്ലാം നിയമത്തിന്റെ കൈകളില്‍ കുടുങ്ങുമെന്ന് സംശയം വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഹൈക്കോടതിയുടെ മുന്നിലെത്തിയ ചില വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് ശബരിമലയിലുണ്ടായ ക്രമക്കേടിനേക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിച്ചപ്പോള്‍തന്നെ സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിധപിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശം അനുസരിച്ചുള്ള അന്വേഷണം തുടങ്ങി. സര്‍ക്കാരും ഹൈക്കോടതിയും ഒരേ കാഴ്ചപ്പാടോടെയാണ് പ്രവര്‍ത്തിക്കുന്നത്. കുറ്റം ചെയ്തവരുണ്ടെങ്കില്‍ നിയമത്തിന്റെ കരങ്ങളില്‍ എത്തിപ്പെടണം. ആവശ്യമായ ശിക്ഷ അവര്‍ക്ക് ഉറപ്പാക്കണം, മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുഖ്യന്ത്രി പറഞ്ഞു. ആര്‍ക്ക് വീഴ്ചയുണ്ട് ആര്‍ക്ക് വീഴ്ചയില്ല എന്ന് ഇപ്പോള്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കേണ്ട കാര്യമല്ല. ആര്‍ക്കെല്ലാം വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് എന്ന് അന്വേഷണത്തില്‍ കണ്ടെത്തും. ക്രമക്കേണ്ട നടന്നിട്ടുണ്ടെങ്കില്‍ അതില്‍ നേരിട്ട് പങ്കാളിത്തമുണ്ട് ആരൊക്കെ പുറത്തുനിന്ന് സഹായിച്ചിട്ടുണ്ട് അത്തരം കാര്യങ്ങള്‍ അന്വേഷണത്തില്‍ വ്യക്തമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
