കോഴിക്കോട് : മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. കക്കാടംപൊയിലിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന നിര്‍മ്മാണ തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്.
മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ വാനിലുണ്ടായിരുന്ന പതിനഞ്ചോളം പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. ഇതിൽ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി.
വൈകിട്ട് ഏഴോടെയാണ് മേലേ കൂമ്പാറയിൽ വെച്ച് അപകടമുണ്ടായത്. അപകടം ഉണ്ടായ ഉടനെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ സ്ഥലത്തേക്ക് മറിഞ്ഞ വാഹനം ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെത്തിച്ചത്. അപകടത്തിൽ വാഹനം ഭാഗികമായി തകര്‍ന്നു.
