മാവേലിക്കര : പെരുന്നാൾ റാസക്കു ക്ഷേത്രനടയിൽ സ്വീകരണവും ആദരവും നൽകി. വർഷങ്ങളായി നടക്കുന്ന ആചാരത്തിൻ്റെ ഭാഗമായി മാവേലിക്കര താലൂക്ക് എൻ.എസ്.എസ് യൂണിയൻ്റെ അധീനതയിലുള്ള പുതിയകാവ് ഭദ്രകാളി ക്ഷേത്രനടയിൽ പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പെരുന്നാൾ റാസക്കു സ്വീകരണം നൽകി.
റാസ ക്ഷേത്രനടയിൽ നിർത്തി പ്രത്യേക പ്രാർഥനകളും വാഴ്ത്തും നടത്തി. ക്ഷേത്രത്തിൻ്റെ നടത്തിപ്പിനു ചുക്കാൻ പിടിക്കുന്ന താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഭാരവാഹികൾ ക്ഷേത്രനടയിൽ നിലവിളക്കു തെളിച്ചു സ്വീകരണം നൽകി
എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ഡോ.പ്രദീപ് ഇറവങ്കര, സെക്രട്ടറി വി.ആർ.സാനിഷ് കുമാർ, പ്രതിനിധി സഭാ അംഗം കെ.ജി മഹാദേവൻ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ജെ.രാജീവ്, ചന്ദ്രശേഖരപിള്ള, ശ്രീകണ്ഠൻ പിള്ള, പ്രദീപ് കുമാർ, കരയോഗം പ്രസിഡൻ്റ് ഭൂവനചന്ദ്രൻ നായർ, എൻ.എസ്.എസ് ഇൻസ്പെക്ടർ ശ്രീകുമാർ, ഓർത്തഡോക്സ് സഭ ഭദ്രാസന സെക്രട്ടറി കത്തീഡ്രൽ ഫാ.ജോൺസ് ഈപ്പൻ, വികാരി ഫാ.അജി കെ.തോമസ്, സഹവികാരി ഫാ.ബൈജു തമ്പാൻ, ട്രസ്‌റ്റി പി.ഫിലിപ്പോസ്, സെക്രട്ടറി വി.ടി.ഷൈൻ മോൻ, കൺവീനർ സജി പി.ജോഷ്വാ എന്നിവർ പ്രസംഗിച്ചു.
പുതിയകാവ് ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്ത് ആരംഭിക്കുമ്പോൾ പുതിയകാവ് കുരിശടിയിലെത്തി മെഴുകുതിരി തെളിച്ചു ജീവത കളിപ്പിക്കുന്നതും മാവേലിക്കരയുടെ മതമൈത്രിയുടെ പ്രതീകമാണ്.
