വാഴ്ത്തപ്പെട്ട അൽവാറീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ 102ാം ഓർമ്മപ്പെരുന്നാൾ ആചരിച്ചു


ഗോവ/കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഗോവ പഞ്ചിം സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിൽ കബറടങ്ങിയിരിക്കുന്ന വാഴ്ത്തപ്പെട്ട അന്തോണിയോ ഫ്രാൻസിസ്കോ സേവ്യർ അൽവാറീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ 102 മത് ഓർമ്മപ്പെരുന്നാൾ ആചരിച്ചു.

വിശുദ്ധ കുർബാനയ്ക്ക് ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു. യാക്കോബ് മാര്‍ ഏലിയാസ്,ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഗീവര്‍ഗീസ് മാര്‍ പീലക്‌സീനോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരായി.

തിങ്കളാഴ്ച്ച വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പദയാത്രാസംഘം  കബറിങ്കലിൽ സംഗമിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം കുന്നംകുളം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. പഞ്ചിം മേയർ രോഹിത്  മോൺസറേറ്റ് മുഖ്യാതിഥിയായി. പഠനരംഗത്ത് മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. പ്രദക്ഷിണം, നേർച്ചവിളമ്പ് എന്നിവയോടെ ഞായറാഴ്ച്ച ആരംഭിച്ച ഓർമ്മപ്പെരുന്നാളിന് സമാപനമായി.

മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലും പ്രത്യേക പ്രാർത്ഥന നടന്നു. വിശുദ്ധ കുർബാനയ്ക്ക് ഫാ.സജി യോഹന്നാൻ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ.ഏബ്രഹാം ജോർജ് കോർ എപ്പിസ്കോപ്പാ സഹകാർമ്മികനായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!