‘എത്രകാലം കഴിഞ്ഞാലും ആന്റണി മാപ്പ് അര്‍ഹിക്കുന്നില്ല, അന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടുനിന്നു’

തിരുവനന്തപുരം: മുത്തങ്ങ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി മാപ്പ് അര്‍ഹിക്കുന്നില്ലെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു. വൈകിയ വേളയില്‍ തെറ്റായി പോയെന്ന് എ കെ ആന്റണിക്ക് തിരിച്ചറിവ് ഉണ്ടായത് വളരെ സന്തോഷം. എങ്കിലും മാപ്പ് പറയുന്നതിനേക്കാള്‍ വേണ്ടത് ആളുകള്‍ക്ക് ഭൂമി കിട്ടുക എന്നതാണെന്നും സി കെ ജാനു മാധ്യമങ്ങളോട് പറഞ്ഞു. മുത്തങ്ങ സംഭവത്തില്‍ കഴിഞ്ഞ ദിവസം എ കെ ആന്റണി ഖേദം പ്രകടിപ്പിച്ചിരുന്നു.

‘ഒരുമാസം കുടില്‍ക്കെട്ടി സമരം ചെയ്യുമ്പോള്‍ ഞങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ ഒരു ഇടപെടല്‍ നടത്തണമായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായില്ല. വെടിവയ്പ് ഇല്ലാതെ തന്നെ പ്രശ്‌നം പരിഹരിക്കാനുള്ള നിരവധി സാധ്യതകള്‍ ഉണ്ടായിരുന്നു. സാധ്യതകള്‍ പ്രയോജനപ്പെടുത്തണമായിരുന്നു. പൊലീസിന് കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാമായിരുന്നു. എല്ലാവരും അറസ്റ്റ് വരിക്കാന്‍ തയ്യാറുമായിരുന്നു. ഇതിന് ഉത്തരവാദി ആന്റണി സര്‍ക്കാര്‍ മാത്രം എന്ന് പറയാന്‍ പറ്റില്ല. അന്ന് ഉണ്ടായിരുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായിട്ടാണ് ചെയ്തത്.’- സി കെ ജാനു പറഞ്ഞു.

‘അവിടെ ഒരു വിഭാഗം ആളുകളെ ഭീകരവും പൈശാചികവുമായിട്ടാണ് മര്‍ദ്ദിച്ചത്. പല ആളുകള്‍ക്കും കാലിന്റെ പാദം അറ്റുപോകുന്നത് പോലെ വെടിയേറ്റു. പലയാളുകള്‍ക്കും കൂലിപ്പണി എടുത്ത് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ട്. ഇപ്പോഴും അന്നത്തെ സംഭവത്തിന്റെ പേരില്‍ നിരന്തരം കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ആ കേസിന് ഇന്നുവരെ തീരുമാനം ഉണ്ടായിട്ടില്ല. അന്ന് ഉന്നയിച്ച ആവശ്യം ജീവിക്കാനാവശ്യമായ ഭൂമിക്ക് വേണ്ടിയിട്ടായിരുന്നു.ആ പ്രശ്‌നം ഇതുവരെ പരിഹരിച്ചില്ല. കുടില്‍ക്കെട്ടല്‍ സമരം നടത്തിയ സമയത്ത് മുത്തങ്ങയിലെ ആളുകള്‍ക്ക് വേണ്ടി ഒരു പാക്കേജ് തയ്യാറാക്കി 283 കുടുംബാംഗങ്ങള്‍ക്ക് ഭൂമി കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. ഭൂമിയും കണ്ടെത്തിയെങ്കിലും പലസ്ഥലത്തും ആളുകള്‍ക്ക് പ്ലോട്ട് പോലും കാണിച്ച് കൊടുത്തിട്ടില്ല. ഈ ആളുകള്‍ പഴയപടി കോളനിയില്‍ തന്നെ താമസിക്കുന്ന അവസ്ഥയാണ് ഉള്ളത്. കോടതിയില്‍ കേസ് നടത്തി. ഫോറസ്റ്റിന്റെ രേഖ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്രസര്‍ക്കാരിന് വെള്ളക്കടലാസില്‍ അപേക്ഷ കൊടുത്തത് മാത്രമാണ് ഉണ്ടായിരുന്നത്. ഫോറസ്റ്റ് ആക്കണമെന്ന് പറഞ്ഞുള്ളതായിരുന്നു അപേക്ഷ. 12000 ഏക്കര്‍ ഭൂമിയാണ് മുത്തങ്ങയിലുള്ളത്. ആറായിരും ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് കൊടുക്കാവുന്നതാണ്. ഇപ്പോഴും ഫോറസ്റ്റ് ആയിട്ട് ഭൂമി ഡിക്ലയര്‍ ചെയ്തിട്ടില്ല.’- സി കെ ജാനു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!