മരണവാർത്ത മറച്ചുവെച്ചു, വേടന്റെ പരിപാടിയുടെ സംഘാടകർക്കെതിരെ മരിച്ച ടെക്നീഷ്യന്റെ കുടുംബം

തിരുവനന്തപുരം: കിളിമാനൂരില്‍ റാപ്പര്‍ വേടന്റെ സംഗീതപരിപാടിക്കായി എല്‍ഇഡി ഡിസ്‌പ്ലേ ക്രമീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച ടെക്നീഷ്യൻ മരിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ കുടുംബം. മഴപെയ്തു നനഞ്ഞു കിടന്ന പാടത്തായിരുന്നു പരിപാടി സംഘടിപ്പിച്ചതെന്നും പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ പരിപാടിയിൽ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഇല്ലായിരുന്നുവെന്നും മരിച്ച ലിജു ഗോപിനാഥിന്റെ കുടുംബം ആരോപിച്ചു.

ചിറയിന്‍കീഴ് സ്വദേശിയാണ് മരിച്ച ലിജു ഗോപിനാഥ്. എട്ടിന് നടക്കേണ്ട പരിപാടിക്കായി വൈകുന്നേരം നാലുമണിയോടെ സ്റ്റേജിന് സമീപത്തായി ഡിസ്‌പ്ലേവെയ്ക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ ലിജുവിന്റെ മരണവാര്‍ത്ത മറച്ചുവെച്ച് വളരെ വൈകിയ ശേഷമാണ് പ്രോഗ്രാം കാന്‍സല്‍ ചെയ്തതായി അറിയിച്ചതെന്നും കുടുംബം ആരോപിച്ചു.

മരണത്തിന് ശേഷം സംഘാടകര്‍ കുടുംബത്തെ വിളിക്കുക പോലും ചെയ്തില്ലെന്നും ഇവര്‍ പറയുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് സംഘാടകര്‍ ചിലര്‍ വീട്ടിലെത്തിയത്. സംഭവമറിഞ്ഞ വേടന്‍ അന്ന് ഈ കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേര്‍ന്നിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ലിജു. ആവശ്യമായ നിയമനടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ പരാതിയുമായി മുഖ്യമന്ത്രിയേയും ഉന്നത പോലീസ് മേധാവികളെയും വകുപ്പുകളെയും സമീപിക്കുമെന്ന് കുടുംബം വ്യക്തമാക്കി.

ഡിസ്‌പ്ലേക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. ഡിസ്‌പ്ലേയ്ക്ക് ഉപയോഗിച്ചിരുന്ന കേബിളുകള്‍ എല്ലാം തന്നെ പാടത്ത് വെള്ളത്തിനടിയില്‍ ആയിരുന്നു. ഇതാണ് വൈദ്യുതാഘാതം ഏല്‍ക്കാന്‍ കാരണമെന്ന് കുടുംബം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!