കാഠ്മണ്ഡു: ജെന്‍ സി പ്രക്ഷോഭത്തെത്തുടര്‍ന്ന് കലാപകലുഷിതമായ നേപ്പാളില്‍ സ്ഥിതിഗതികള്‍ ശാന്തമാകുന്നു. രാജ്യത്തിന്റെ സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തതിനു പിന്നാലെ പ്രക്ഷോഭകാരികളുമായി കരസേന മേധാവി ജനറൽ അശോക് രാജ് സിഗ്ദേൽ ചര്‍ച്ച നടത്തി. നേപ്പാളില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ ഊര്‍ജ്ജിതമായിട്ടുണ്ട്. സൈന്യവുമായുള്ള ചര്‍ച്ചകള്‍ക്ക് പ്രക്ഷോഭകാരികള്‍ നിര്‍ദേശിച്ച മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍കിയുമായും സേനാ മേധാവി ചര്‍ച്ച നടത്തി. ഇടക്കാല സര്‍ക്കാരിനെ നയിക്കണമെന്ന് സൈനിക മേധാവി ജസ്റ്റിസ് സുശീല കര്‍കിയോട് ആവശ്യപ്പെട്ടു.
ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍കി (73) ഉള്‍പ്പെടെ 3 പേരാണ് പരിഗണനയിലുള്ളത്. കാഠ്മണ്ഡു മേയര്‍ ബലേന്ദ്ര ഷാ, വൈദ്യുതി ബോര്‍ഡ് മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കുല്‍മാന്‍ ഗീഷിങ് എന്നിവരാണ് മറ്റു രണ്ടു പേര്‍. മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍കിയെ ഇടക്കാല പ്രധാനമന്ത്രിയാക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. സുശീല കര്‍കിയെ ബലേന്ദ്ര ഷായും പിന്തുണച്ചിട്ടുണ്ട്. ചുമതല ഏറ്റെടുക്കാന്‍ തയാറാണെന്ന് സുശീല കാര്‍കി അറിയിച്ചു.
നേപ്പാളിന്റെ ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ച ആദ്യ വനിതയാണ് സുശീല കര്‍കി. അഴിമതിക്കെതിരെ അതിശക്ത നിലപാടു കൊണ്ട് ശ്രദ്ധേയയാണ് സുശീല കര്‍കി. ഇടക്കാല സര്‍ക്കാരിനെ നയിക്കാനുള്ള യുവജനങ്ങളുടെ അഭ്യര്‍ത്ഥന സ്വീകരിക്കുന്നതായി സുശീല കര്‍കി പറഞ്ഞു. നേപ്പാളിലെ നിലവിലെ സാഹചര്യം ദുഷ്‌കരമാണ്. പ്രതിഷേധത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ആദരിക്കുകയും പിന്തുണക്കുകയും ചെയ്യുക എന്നതിനാണ് തന്റെ അടിയന്തര മുന്‍ഗണന. പുതിയ രാജ്യത്തിന്റെ തുടക്കത്തിനായി പരിശ്രമിക്കുമെന്നും സുശീല കര്‍കി പറഞ്ഞു.
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 30 കടന്നു. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രക്ഷോഭകാരികള്‍ പ്രസിഡന്റിന്റെ കൊട്ടാരം, പാര്‍ലമെന്റ് മന്ദിരം, സുപ്രീംകോടതി, മന്ത്രിമന്ദിരങ്ങള്‍, നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍, വാഹനങ്ങള്‍ തുടങ്ങിയവ തീവെച്ചു നശിപ്പിച്ചിരുന്നു. ജയിലുകള്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് നിരവധി തടവുപുള്ളികള്‍ രക്ഷപ്പെടുകയും ചെയ്തു.
പ്രഭോക്ഷത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും പ്രസിഡന്റ് രാം ചന്ദ്ര പൗഡലും രാജിവെച്ചിരുന്നു. ശര്‍മ ഒലി സര്‍ക്കാര്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കാണ് വന്‍ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.
