ടെഹ്‌റാന്‍/ടെല്‍ അവീവ് : ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ(IRGC) ഏഴ് അംഗങ്ങള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യാസ്ദ് പ്രവിശ്യയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് റെവല്യൂഷണറി ഗാര്‍ഡിലെ ഏഴ് അംഗങ്ങളും നിര്‍ബന്ധിത സൈനികസേവനത്തിനെത്തിയ രണ്ടുപേരും കൊല്ലപ്പെട്ടതെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഒട്ടേറെപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
യാസ്ദ് പ്രവിശ്യയിലെ രണ്ട് സൈനികകേന്ദ്രങ്ങള്‍ക്ക് നേരേയാണ് ഇസ്രയേല്‍ ഞായറാഴ്ച ശക്തമായ ആക്രമണം നടത്തിയത്. ഇറാനിലെ മൂന്ന് ആണവനിലയങ്ങള്‍ക്ക് നേരേ യുഎസ് ബോംബാക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ഇസ്രയേലിന്റെ ആക്രമണവും. ജൂണ്‍ 13 മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ ഇറാനിലെ ഉന്നത സൈനികകമാന്‍ഡര്‍മാരെ ഉള്‍പ്പെടെ ഇസ്രയേല്‍ വധിച്ചിരുന്നു. ഞായറാഴ്ച അർധരാത്രിയോടെ ഇസ്രയേല്‍ പ്രതിരോധസേന(ഐഡിഎഫ്) ഇറാനിലെ വിവിധകേന്ദ്രങ്ങളില്‍ വീണ്ടും ആക്രമണം നടത്തി. ടെഹ്‌റാനിലെയും പടിഞ്ഞാറന്‍ ഇറാനിലെയും സൈനികത്താവളങ്ങള്‍ക്ക് നേരേയാണ് ഏറ്റവും പുതിയ ആക്രമണമെന്ന് ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു. ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ ടെഹ്‌റാനിലും തബ്രിസിലും ഉള്‍പ്പെടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കിയതായി ഇറാനിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരേ യുഎസ് നടത്തിയ ബോംബാക്രമത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് അപലപിച്ചു. ഇത് അപകടകരമായ വഴിത്തിരിവാണെന്നും സംഘര്‍ഷം അവസാനിപ്പിക്കാനും ഇറാന്റെ ആണവപദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഞായറാഴ്ച ചേര്‍ന്ന യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അദ്ദേഹം പറഞ്ഞു.
ഇറാനിലെ ആണവകേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണം ചര്‍ച്ചചെയ്യാനാണ് ഞായറാഴ്ച യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. എന്നാല്‍, ഇറാന്റെ ആണവസമ്പുഷ്ടീകരണശേഷി ഇല്ലാതാക്കാനും ആണവഭീഷണി തടയാനുമാണ് ഇറാനുനേരേ ആക്രമണം നടത്തിയതെന്ന് യുഎസ് വക്താവ് യുഎന്‍ സുരക്ഷാ കൗണ്‍സിലിനെ അറിയിച്ചു.
