കോഴിക്കോട്: യുഎഇ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലിയുടെ ചിത്രം ഉപയോഗിച്ചാണ് പാലക്കാട് സ്വദേശിയായ അയൂബ് ലക്ഷങ്ങൾ തട്ടിയതെന്ന് പൊലീസ് അറിയിച്ചു.
തട്ടിപ്പിനിരയാകുന്നവരുടെ വിശ്വാസം നേടിയെടുക്കാനായി ഇയാൾ പൊലീസ് കമ്മീഷണറുടെ ചിത്രം വാട്‌സ്ആപ്പിന്റെ പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചു വരികയായിരുന്നു. ഒറ്റപ്പാലം സ്വദേശി നൽകിയ പരാതിയിലാണ് കഴിഞ്ഞ ദിവസം പ്രതിയെ പൊലീസ് പിടികൂടിയത്.
പരാതിക്കാരനുമായി രണ്ട് മാസത്തോളം വാട്‌സ്ആപ്പ് വഴി സംസാരിച്ചാണ് പ്രതി വിശ്വാസ്യത നേടിയെടുത്തത്. മെയ് മുതൽ ജൂലൈ വരെയായിരുന്നു ഇരുവരും തമ്മിലുള്ള ആശയവിനിമയം. തുടർന്ന് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പേരിൽ വ്യാജ ഓഫർ ലെറ്ററും യുഎഇ സർക്കാർ നൽകിയതെന്ന വ്യാജേന വർക്ക് പെർമിറ്റും വിമാന ടിക്കറ്റും വാട്‌സ്ആപ്പ് വഴി അയച്ചുനൽകി.
വിസയ്ക്കും മറ്റ് നടപടിക്രമങ്ങൾക്കുമുള്ള ചെലവുകളുടെ പേരിലാണ് പരാതിക്കാരനിൽ നിന്ന് പണം വാങ്ങിയത്. ഇതിലൂടെ പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ പരാതിക്കാരന് 1,22,600 നഷ്ടമായി. പൊലീസ് കമ്മീഷണറുടെ ചിത്രം വാട്‌സ്ആപ്പ് പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കുകയും യുഎഇയിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി വിശ്വസിപ്പിക്കുകയുമാണ് പ്രതിയുടെ രീതി.
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറെ മാധ്യമങ്ങളിലൂടെ പരിചയമുണ്ടായിരുന്ന പരാതിക്കാരന് ഇതിൽ സംശയം തോന്നിയതോടെയാണ് നേരിട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറെ വിവരം അറിയിച്ചത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയാണ് പ്രതി പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആദ്യമായി തട്ടിപ്പിനിരയായത് ഒരു തയ്യൽക്കാരനാണ്. യുഎഇയിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി യാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പണം കൈപ്പറ്റുന്ന സമയത്തും തട്ടിപ്പിനിരയായ വ്യക്തിയുമായി പ്രതി വാട്‌സ്ആപ്പ് ചാറ്റിലായിരുന്നു. അപ്പോഴും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ചിത്രമായിരുന്നു വാട്‌സ്ആപ്പ് പ്രൊഫൈലിൽ ഉപയോഗിച്ചിരുന്നത്.
പിന്നീട് അയൽവാസിയുമായി സംസാരിക്കുന്നതിനിടെ ചിത്രം കാണിച്ചതോടെയാണ് ചിത്രത്തിലുള്ളത് പൊലീസ് കമ്മീഷണറാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാനരീതിയിൽ കൂടുതൽ പേരെ പ്രതി തട്ടിപ്പിനിരയാക്കിയിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം.
