കോട്ടയം: എംജി സർവകലാശാലയിൽ പാറ്റയുടെ ചിത്രമുള്ള ഫ്ലക്സിനെ ചൊല്ലി വിവാദം. എംജി സർവകലാശാല യൂണിയൻ നടത്തുന്ന നാഷണൽ കോൺഫറൻസിന്റെ പ്രചാരണത്തിനായി സ്ഥാപിച്ച ഫ്ലക്സാണ് തർക്കത്തിന് വഴിവെച്ചത്. സർവകലാശാല ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടിയിൽ രാഷ്ട്രീയം അനുവദിക്കാനാകില്ലെന്നാണ് വൈസ് ചാൻസലറുടെ നിലപാട്. ഫ്ലക്സ് എത്രയും വേഗം നീക്കം ചെയ്യണമെന്ന് വൈസ് ചാൻസലർ നിർദേശിച്ചു.
എന്നാൽ ഫ്ലക്സിൽ രാഷ്ട്രീയമില്ലെന്നും ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് ഇത് സ്ഥാപിച്ചതെന്നുമാണ് യൂണിയന്റെ വിശദീകരണം. ഒരു കാരണവശാലും ഫ്ലക്സ് നീക്കില്ലെന്ന നിലപാടിലാണ് യൂണിയൻ. കേന്ദ്രസർക്കാരിന് പിന്നാലെ എംജി സർവകലാശാല വൈസ് ചാൻസലർക്കും പാറ്റയെ പേടിയാണെന്ന് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ അഭിനവ് എം പ്രതികരിച്ചു. വൈസ് ചാൻസലറുടെ നിർദേശം അംഗീകരിക്കില്ലെന്നും ക്യാമ്പസിൽ കൂടുതൽ ഫ്ലക്സുകൾ സ്ഥാപിക്കുമെന്നും യൂണിയൻ നേതൃത്വം അറിയിച്ചു. അതേസമയം, പാറ്റയുടെ ചിത്രമുള്ള ഫ്ലക്സുകൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ എസ്‌എഫ്‌ഐയും പ്രതിഷേധവുമായി രംഗത്തെത്തി. ക്യാമ്പസിൽ കൂടുതൽ പാറ്റ ബോർഡുകൾ സ്ഥാപിച്ചുകൊണ്ടാ യിരിക്കും പ്രതിഷേധമെന്ന് എസ്‌എഫ്‌ഐ അറിയിച്ചു.
എംജി സർവകലാശാലയിൽ ‘പാറ്റ’ ഫ്ലക്സ്… പാറ്റയെ പേടിയെന്ന് ചെയർമാൻ
