‘രാഹുലും ഷാഫിയും രാഷ്ട്രീയം നിർത്തി വല്ല കോമഡി സിനിമയിലും അഭിനയിക്കുന്നതാണ് നല്ലത്’…

നിലമ്പൂർ : രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും രാഷ്ട്രീയം നിർത്തി വല്ല കോമഡി സിനിമയിലും അഭിനയിക്കുന്നതാണ് നല്ലതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ പി അബ്ദുള്ളക്കുട്ടി. നിലമ്പൂരിലെ പെട്ടി വിവാദത്തിലാണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. യുവനേതാക്കൾ നടത്തിയത് നാടകമാണ്. അവർക്ക് വല്ല സിനിമയിലും പോയി അഭിനയിച്ചൂടെയെന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു.

പരിശോധന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അധികാരമാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. നിലമ്പൂരിൽ ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. എൽഡിഎഫും യുഡിഎഫും തീവ്രവാദികളുടെ വോട്ടിന് വേണ്ടി പരക്കം പായുന്നു. അബ്ദുൾ നാസർ മദനി ഭയാനകമായ വിദ്വേഷം പടർത്തിയ ആളാണ്. എൽഡിഎഫ് സ്ഥാനാർത്ഥി സ്വരാജ് പിഡിപിയെ ന്യായീകരിക്കുകയാണ്. സ്വരാജ് എസ്എഫ്ഐയിൽ ഉള്ളപ്പോഴല്ലേ സക്കീറിനെയും വാപ്പയെയും വെട്ടിക്കൊന്നതെന്നും അത് മറന്നോയെന്നും അബ്ദുള്ളക്കുട്ടി ചോദിക്കുന്നു.

സഹിഷ്ണുത പ്രോത്സാഹിപ്പിച്ച ആര്യാടൻ മുഹമ്മദിന്‍റെ മകൻ ഇന്ന് ജമാഅത്തിന്‍റെ വോട്ടിന് വേണ്ടി നടക്കുകയാണെന്നും അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്ലാമി അപകടകാരിയാണ്. സിറിയയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന മൗദൂദിസത്തിന്‍റെ വക്താക്കളാണവർ. ആര്യാടൻ ഷൗക്കത്തിനോട് ആര്യാടൻ മുഹമ്മദിന്‍റെ ആത്മാവ് പൊറുക്കില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു

ഇസ്രയേൽ തെമ്മാടി രാജ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാകിസ്ഥാൻ തെമ്മാടി രാജ്യമാണെന്ന് പറയാൻ പിണറായിക്ക് ധൈര്യമുണ്ടോയെന്ന് അബ്ദുള്ളക്കുട്ടി ചോദിച്ചു. നാഷണൽ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ‘നേട്ടവും കോട്ടവും ഏറ്റെടുക്കാൻ ഞങ്ങൾ തയ്യാറാണ്’ എന്നായിരുന്നു മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!