കണ്ണൂര്‍: എഴുത്തുകാരന്‍ ഇയ്യ വളപട്ടണത്തിനെതിരെ പൊലീസ് അതിക്രമം നടത്തിയതായി പരാതി. വയോധികനായ വഴി യാത്രക്കാരനെ റോഡു മുറിച്ചു കടക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതിന് പൊലീസ് തന്നെ പിടിച്ചു കൊണ്ടുപോയെന്നും മദ്യപനാക്കി ചിത്രീകരിച്ചുമെന്നുമാണ് ഇയ്യ വളപട്ടണം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഈ മാസം അഞ്ചാം തിയതിയാണ് സംഭവം. കേരള ഗവര്‍ണര്‍ കണ്ണൂരിലെത്തിയ ദിവസം വയോധികനെ റോഡ് മുറിച്ച് കടക്കുന്നതിന് സഹായം ചോദിക്കുകയും എന്നാല്‍ പൊലീസുകാരന്‍ പ്രകോപിതനാവുകയും ചെയ്‌തെന്നാണ് പരാതി. വയോധികനെ റോഡ് മുറിച്ച് കടക്കാന്‍ സഹായിക്കുന്നതിന്റെ വിഡിയോയും ഇയ്യ വളപട്ടണം പങ്കുവെച്ചിട്ടുണ്ട്.
ഗവര്‍ണര്‍ തളിപ്പറമ്പിലേക്ക് കടന്നുപോകുന്നതിന്റെ സുരക്ഷയ്ക്കായാണ് പൊലീസുകാരന്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് ഇയ്യ പറയുന്നത്. ഒരൊറ്റ വാഹനം പോലും നിരത്ത് മുറിച്ചു കടക്കാന്‍ വിവിഐപി ഡ്യൂട്ടി കാരണം പൊലീസ് അനുവദിച്ചിരുന്നില്ലെന്നും തന്റെ അഭ്യര്‍ഥനകേട്ട് അവിടെയെത്തിയ എസ്‌ഐയും ബലമായി പിടിച്ചു തള്ളി ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോവുകയും മദ്യപാനിയാണെന്ന് ചിത്രീകരിച്ചു അസഭ്യം പറയുകയും ചെയ്തുവെന്നും ഫെയ്‌സ്ബുക്കില്‍ കുറിപ്പില്‍ പറയുന്നു. പൊലീസ് സേന മുഴുവനും ഇത്തരത്തിലാണെന്ന് ചിത്രീകരിക്കാന്‍ ഇടയാക്കുമെന്നറിയാമെന്നും ഇയ്യ വളപട്ടണം പറയുന്നു.
