സിപിഐക്ക് തലവേദന.. തീർത്ത് പറവൂരിലെ വിഭാഗിയത, പാർട്ടി വിടാനൊരുങ്ങി ഒരു വിഭാഗം…

പറവൂർ : സിപിഐയുടെ ശക്തികേന്ദ്രമായ പറവൂരിലെ വിഭാഗീയത പാർട്ടിക്ക് തലവേദനയാകുന്നു. ജില്ലാ നേതൃത്വത്തിന്റെ പ്രവൃത്തികളില്‍ അസംതൃപ്തിയുള്ള വലിയൊരു വിഭാഗം തന്നെ ഇപ്പോൾ സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടാനാണ് തീരുമാനം.

പറവൂരില്‍ സിപിഐ മുന്‍ ജില്ലാ സെക്രട്ടറി അന്തരിച്ച പി. രാജുവിനെ പിന്തുണയ്ക്കുന്നവര്‍ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരാണ്. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തിലെ ചിലര്‍ക്കെതിരേ കുടുംബം കടുത്ത നിലപാടെടുത്തിരുന്നു. സംസ്‌കാര ചടങ്ങില്‍നിന്നുവരെ അവരെ മാറ്റിനിര്‍ത്തിയിരുന്നു. ഇതിനുപിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയതയാണെന്ന വിലയിരുത്തലില്‍ ജില്ലാ നേതൃത്വം അന്വേഷണ കമ്മിഷനെ വച്ച്, അതിന് ഉത്തരവാദികളെന്ന് കണ്ടെത്തിയവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ്. ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടി വന്നേക്കുന്ന ഘട്ടത്തില്‍ പി. രാജുവിന്റെ കുടുംബംതന്നെ വിഷയത്തില്‍ ശക്തമായ നിലപാടുമായി രംഗത്തുവന്നു. അതിന്റെ തുടര്‍ച്ചയായി പറവൂരിലെ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുകയാണ്.

വടക്കന്‍ പറവൂരിലെ മൂന്നു ലോക്കല്‍ സമ്മേളനങ്ങളില്‍ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കമാണ് ഉണ്ടായത്. തിരഞ്ഞെടുപ്പിലേക്ക് പോകുമെന്നു കണ്ടതോടെ ജില്ലാ നേതൃത്വം ഇടപെട്ട് സമ്മേളനങ്ങള്‍ നിര്‍ത്തിവെച്ചു. ഇതുമായി ബന്ധപ്പെട്ട് പതിമൂന്നുപേര്‍ക്കെതിരേ ജില്ലാ നേതൃത്വം നടപടിയെടുത്തു. രണ്ടിടത്ത് പിന്നീട് ഉള്ളവരെ വെച്ച് സെക്രട്ടറിയെ തിരഞ്ഞെടുത്തെങ്കില്‍, പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന കോട്ടുവള്ളിയില്‍ തിരഞ്ഞെടുപ്പു നടത്താന്‍പോലും ആളില്ലാത്ത സ്ഥിതി വന്നു.

ജില്ലാ നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നടപടിക്ക് വിധേയരായവരും അവരെ പിന്തുണയ്ക്കുന്നവരുമായി വലിയൊരു വിഭാഗം പാര്‍ട്ടിവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവര്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. പാര്‍ട്ടി സ്ഥാപക നേതാക്കളായി അറിയപ്പെട്ടിരുന്നവരുടെ മൂന്നു കുടുംബങ്ങളില്‍നിന്നുള്ളവര്‍ വരെ അംഗത്വം പുതുക്കാതെ പാര്‍ട്ടിവിട്ടുപോകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!